അപമാനിതനായി പുറത്തായി യുവ താരം : ഐപിഎല്ലിൽ മറ്റൊരു ചരിത്രം : കാണാം വീഡിയോ

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022-ലെ 51-ാം മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്‌ ടൈറ്റൻസിനെ 5 റൺസിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ്. രോഹിത് ശർമ്മയും കൂട്ടരും ഈ സീസണിൽ നേടുന്ന രണ്ടാമത്തെ ജയമാണിത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത്‌ ടൈറ്റൻസിന് നിശ്ചിത ഓവറിൽ 172 റൺസ് കണ്ടെത്താനെ സാധിച്ചുള്ളൂ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് വേണ്ടി, ഓപ്പണർമാരായ രോഹിത് ശർമ്മയും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 28 പന്തിൽ രോഹിത് 43 റൺസെടുത്തപ്പോൾ, ഇഷാൻ കിഷൻ 29 പന്തിൽ 45 റൺസ് നേടി. എന്നാൽ, മധ്യനിര ബാറ്റർമാർ റൺസ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു. എന്നിരുന്നാലും, വാലറ്റത്ത് ഓൾറൗണ്ടർ ടിം ഡേവിഡ് (21 പന്തിൽ 44) തകർത്തടിച്ചതോടെ ടീം മാന്യമായ ടോട്ടൽ കണ്ടെത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്‌ ടൈറ്റൻസിന് വേണ്ടി അവരുടെ ഓപ്പണർമാരായ വ്രിദ്ധിമാൻ സാഹയും (55), ശുഭ്മാൻ ഗില്ലും (52) അർദ്ധസെഞ്ച്വറി പ്രകടനവുമായി ഗംഭീര തുടക്കം സമ്മാനിച്ചു. ഇരുവരെയും സ്പിന്നർ മുരുഗൻ അശ്വിൻ മടക്കിയതിന് പിന്നാലെ ക്രീസിലെത്തിയ യുവതാരം സായ് സുദർശന്റെ വിക്കറ്റ് ശ്രദ്ധേയമായി.

കിറോൺ പൊള്ളാർഡ് എറിഞ്ഞ ഇന്നിംഗ്സിന്റെ 16-ാം ഓവറിലെ അവസാന ബോളിലാണ് നിർഭാഗ്യം വിനയായത് മൂലം സുദർശന്റെ വിക്കറ്റ് നഷ്ടമായത്. പൊള്ളാർഡിന്റെ സ്ലോ ബോൾ ലെഗ് സൈഡിലേക്ക് അടിക്കാൻ ശ്രമിച്ച ബാറ്റർക്ക് ബാലൻസ് തെറ്റിയതോടെ ബാറ്റ് സ്റ്റംപിൽ പതിക്കുകയായിരുന്നു. ഇതോടെ ഹിറ്റ്‌ വിക്കറ്റ് ആയിയാണ് സുദർശൻ മടങ്ങിയത്. ഈ ഐപിഎൽ സീസണിലെ ആദ്യ ഹിറ്റ്‌വിക്കറ്റ് ആണിതെങ്കിലും, ഐപിഎൽ ചരിത്രത്തിലെ 14-ാം ഹിറ്റ്‌വിക്കറ്റ് ആണിത്.