അണ്ടർ 19 ലോകകപ്പ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ഒരു ദുശ്ശകുനമൊ? ചരിത്രം പറയുന്നത് ഇങ്ങനെ

കൗമാരക്കാരുടെ ഏറ്റവും വലിയ ക്രിക്കറ്റ്‌ മാമാങ്കമാണ് ഐസിസി അണ്ടർ 19 ലോകകപ്പ്. ദേശീയ സീനിയർ ടീമുകളിലേക്ക് നടന്നു കയറാൻ ഏറ്റവും അടുത്ത പാതയായിയാണ് കൗമാര താരങ്ങൾ അണ്ടർ 19 ക്രിക്കറ്റിനെ, പ്രത്യേകിച്ച് അണ്ടർ 19 ലോകകപ്പിനെ നോക്കിക്കാണുന്നത്. എന്നാൽ, ഈ ചിന്താഗതി പൂർണ്ണമായും ശരിയാണോ, എന്താണ് ഇതിന്റെ വസ്തുത, നമുക്ക് ചരിത്രമൊന്ന് പരിശോധിക്കാം.

2022 ലോകകപ്പിന് മുന്നേ, ഇന്ത്യ നാല് തവണയാണ് കൗമാരക്കാരുടെ ലോകകപ്പിൽ ജേതാക്കളായത്. 2000, 2008, 2012, 2018 അണ്ടർ 19 ലോകകപ്പുകളിൽ യഥാക്രമം രതീന്ദർ സിംഗ് സോധി, അജിതേഷ് ആർഗൽ, ഉന്മുക്ത് ചന്ദ്, മഞ്ചോത് കൽറ എന്നിവർ ഫൈനലിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാര വിജയികളായി. എന്നാൽ, ഇവരിൽ എത്ര പേരെ നിങ്ങൾ ഇന്ത്യൻ കുപ്പായത്തിൽ കണ്ടിട്ടുണ്ട്, അല്ലെങ്കിൽ ഇവരിൽ ആരുടെയൊക്കെ പേരുകൾ നിങ്ങൾ ഇന്നും ഓർത്തിരിക്കുന്നുണ്ട്.

ഇത്‌ ഇന്ത്യൻ താരങ്ങൾക്ക് മാത്രം സംഭവിക്കുന്ന ഒരു വിപത്ത് ആണ് എന്ന് ധരിച്ചാൽ, അത് തെറ്റാണ്. 2022 ലോകകപ്പ് ഒഴിച്ചു നിർത്തിയാൽ, 13 അണ്ടർ 19 ലോകകപ്പുകൾക്ക് ലോകം സാക്ഷ്യം വഹിച്ചു. അതിൽ 13 ഫൈനലുകളിലും ഓരോ താരങ്ങൾ പിറവിയെടുത്തു, ഈ 13 താരങ്ങളിൽ 12 പേരും ഇന്നും അവരുടെ ദേശീയ ടീമിന് വേണ്ടി ഒരു ടെസ്റ്റ്‌ മത്സരം പോലും കളിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല, ഇവരിൽ ആരും തന്നെ 50 അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ പൂർത്തിയാക്കിയിട്ടുപോലുമില്ല എന്ന് ചരിത്രം പറയുന്നു. എന്തിനേറെ പറയുന്നു, ഈ 13-ൽ ഓസ്ട്രേലിയൻ പേസർ ജോഷ് ഹാസെൽവുഡ് ഒഴികെ ആരെയും ഇന്നും ഭൂരിഭാഗം പേർക്കും അറിയില്ല എന്നതാണ് വാസ്തവം.

എന്നാൽ, ഇത്‌ ഫൈനലിൽ താരങ്ങളാവുന്നവരുടെ മാത്രം കാര്യമാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അത് എടുത്ത് പറയാൻ കാരണം, ടൂർണമെന്റിലെ താരങ്ങൾ ആകുന്നവരുടെ കാര്യങ്ങൾ വ്യത്യസ്തമാണ്. ഇന്ത്യൻ നിരയിൽ യുവരാജ് സിംഗ്, ശിഖർ ധവാൻ, പൂജാര, ശുഭ്മാൻ ഗിൽ, സിംബാവെ താരം തൈബു, ന്യൂസിലാൻഡ് പേസർ സൗത്തി, ദക്ഷിണാഫ്രിക്കൻ ബാറ്റർ മാക്രം എന്നിവരെല്ലാം അണ്ടർ 19 ലോകകപ്പിലെ താരങ്ങളായി ദേശീയ ടീമിലെത്തിയവരാണ്