ജന്മദിനത്തിൽ സച്ചിനെ പരിഹസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ആരാധകർ ; കണക്കിന് മറുപടി നൽകി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഞായറാഴ്ച്ച (ഏപ്രിൽ 24) 49-ാം പിറന്നാൾ ആഘോഷിച്ചു. ഇതിഹാസ ക്രിക്കറ്ററിന് ലോക ക്രിക്കറ്റിന്റെ എല്ലാ കോണുകളിൽ നിന്നും സോഷ്യൽ മീഡിയകളിലൂടെ ആശംസകൾ പ്രവഹിച്ചു. എന്നിരുന്നാലും, ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഫാൻസ് ഗ്രൂപ്പായ ഇംഗ്ലണ്ടിന്റെ ബാർമി ആർമി സച്ചിന് ജന്മദിനാശംസകൾ നേർന്നുക്കൊണ്ട് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ രോഷാകുലരാക്കി.
മുൻപൊരിക്കൽ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ വിക്കറ്റ് നഷ്ടമായി സച്ചിൻ ഡഗ്ഔട്ടിലേക്ക് മടങ്ങുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബാർമി ആർമി സച്ചിന്റെ ജന്മദിനത്തിൽ ട്വിറ്ററിലൂടെ ആശംസകൾ നേർന്നത്. “ഹാപ്പി ബർത്ത്ഡേ ലിറ്റിൽ മാസ്റ്റർ” എന്ന തലക്കെട്ടടെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഫാൻസ് ഗ്രൂപ്പായ ബാർമി ആർമി ഫോട്ടോ ഉൾപ്പെടുന്ന ട്വീറ്റ് ചെയ്തത്.ഇംഗ്ലണ്ട് ഫാൻസ് ഗ്രൂപ്പിന്റെ പ്രവർത്തിയിൽ രോഷാകുലരായ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ, ഇംഗ്ലണ്ടിനെതിരെയുള്ള സച്ചിന്റെ പ്രകടനങ്ങൾ നിരത്തി ട്വീറ്റിന് നേരെ പ്രതികരിച്ചു.
ഇംഗ്ലണ്ടിനെതിരായ സച്ചിന്റെ പ്രകടനങ്ങളെക്കുറിച്ച് പറയുമ്പോൾ, വലംകൈയ്യൻ ബാറ്റർ എല്ലാ ഫോർമാറ്റുകളിലുമായി 69 മത്സരങ്ങളിൽ നിന്ന് 3990 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. ത്രീ ലയൺസിനെതിരെ ഏറ്റവുമധികം റൺസ് നേടിയ ഏഷ്യൻ താരമാണ് സച്ചിൻ. 23 അർധസെഞ്ചുറികളും ഒമ്പത് സെഞ്ചുറികളും ലിറ്റിൽ മാസ്റ്റർ ഇംഗ്ലണ്ടിനെതിരെ നേടിയിട്ടുണ്ട്.
Happy Birthday Little Master 🎂 pic.twitter.com/3D8znHsIMT
— England’s Barmy Army (@TheBarmyArmy) April 24, 2022
200 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 51 സെഞ്ച്വറികൾ ഉൾപ്പടെ 15,921 റൺസും, 463 ഏകദിന മത്സരങ്ങളിൽ നിന്ന് 49 സെഞ്ച്വറികൾ ഉൾപ്പടെ 18,426 റൺസും നേടിയ സച്ചിൻ ടെൻടുൽക്കറുടെ റെക്കോർഡുകളുടെ കണക്കെടുത്താൽ ഒരു ഇംഗ്ലണ്ട് ക്രിക്കറ്റർ പോലും അതിന് ഏഴയലത്ത് വരില്ല എന്ന് ബാർമി ആർമിക്ക് മറുപടിയായി ഇന്ത്യൻ ക്രിക്കറ്റർ ആരാധകർ ട്വീറ്റ് ചെയ്തു