സച്ചിനാണോ കോഹ്ലിയാണോ മികച്ചത്?? മുൻ ഇന്ത്യൻ നായകന്റെ നിഗമനം ഇങ്ങനെ

നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ വളരെയേറെ സംവാദങ്ങൾ ഉണ്ടാവുന്ന സമയമാണിത്, സച്ചിനാണോ കോഹ്ലിയാണോ മികച്ചത് എന്ന സംവാദമാണ് കഴിഞ്ഞ സമയങ്ങളിൽ സോഷ്യൽ മീഡിയയിലടക്കം അലയടിച്ചിരിക്കുന്നത്. സച്ചിന്റെ 100 സെഞ്ചുറികൾ എന്ന ചരിത്രനേട്ടം മറികടക്കാനുള്ള തത്രപ്പാടിലാണ് വിരാട് കോഹ്ലി. അതിനാൽ തന്നെ ഈ സംവാദത്തിന് വളരെ പ്രസക്തിയുമുണ്ട്.

ഇതിനു മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയ ക്യാപ്റ്റനായ കപിൽ ദേവ്.സച്ചിൻ, കോഹ്ലി എന്നിവരെ തമ്മിൽ താരതമ്യം ചെയ്യുന്നതിൽ വലിയ യുക്തിയില്ല എന്ന് പക്ഷത്താണ് കപിൽ ദേവ്.ഓരോ തലമുറയിലും കളിക്കാർ കൂടുതൽ മെച്ചപ്പെടുകയാണെന്നും കപിൽ പറയുന്നു. “ഇത്തരം കഴിവുകളുള്ള കളിക്കാരിൽ നിന്ന് നമുക്ക് ഒന്നോ രണ്ടോ പേരെ തിരഞ്ഞെടുക്കാനാവില്ല.

11 കളിക്കാരുള്ള ഒരു ടീമിനെയാണ് തിരഞ്ഞെടുക്കേണ്ടത്. എനിക്ക് എന്റേതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാവും, പക്ഷേ എല്ലാ തലമുറയും ഒന്നിനൊന്നു മെച്ചമായാണ് വരുന്നത്. ഞങ്ങളുടെ സമയത്ത് സുനിൽ ഗവാസ്കറായിരുന്നു മികച്ച ബാറ്റർമാരിൽ ഒരാൾ. ശേഷം നമ്മൾ രാഹുൽ ദ്രാവിഡിനെയും സച്ചിനെയും വീരേന്ദ്ര സേവാഗിനെയും കണ്ടു. ഈ തലമുറയിൽ നമ്മൾ രോഹിത്തിനെയും, വിരാട് കോഹ്ലിയെയും കണ്ടു. അടുത്ത തലമുറയിൽ നമ്മൾ ഇനിയും മികവാർന്ന കളിക്കാരെ കാണും.”- കപിൽ ദേവ് പറഞ്ഞു.

ഇതോടൊപ്പം ലോകകപ്പ് സ്വന്തമാക്കാൻ ഒരു ടീമിന് ആവശ്യമായ കാര്യങ്ങളെപ്പറ്റിയും കപിൽ ദേവ് സംസാരിക്കുകയുണ്ടായി. “നമുക്കൊരു ടീമുണ്ട്. പക്ഷേ ലോകകപ്പ് വിജയിക്കാൻ പ്രാപ്തിയുള്ള മറ്റു ടീമുകളുണ്ടെന്ന് ഓർക്കണം. ട്രോഫി നേടാനായി നമുക്ക് ഭാഗ്യവും കൃത്യമായ കോമ്പിനേഷനും ആവശ്യമാണ്. ഒപ്പം നമ്മുടെ പ്രധാന കളിക്കാർ ഫിറ്റായി തന്നെ തുടരണം. അതാണ് പ്രധാന കാര്യം.”- കപിൽ ദേവ് കൂട്ടിച്ചേർക്കുന്നു. “കളിക്കാർ കൂടുതൽ ക്രിക്കറ്റ് കളിക്കുമ്പോൾ പരിക്കുകൾ ഉണ്ടാവാനുള്ള സാധ്യതയും വർദ്ധിക്കുന്നു. ലോകകപ്പിലേക്ക് പോകുമ്പോൾ അവർക്ക് പരിക്കുകൾ ഉണ്ടാവില്ല എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- കപിൽ ദേവ് പറഞ്ഞുവെക്കുന്നു.

Rate this post