“അത് ഗംഭീരമായിരുന്നു” കോഹ്‌ലിയുടെ ഇന്നിംഗ്സിലെ ഒരു ഷോട്ട് എടുത്തുപറഞ്ഞ് അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലെ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനം ഏതൊരു ഇന്ത്യക്കാരനും സന്തോഷവും അഭിമാനവും നൽകുന്നതാണ്. 2021 ടി20 ലോകകപ്പിലെയും, ഏഷ്യ കപ്പ്‌ സൂപ്പർ 4-ലെയും പാകിസ്ഥാനെതിരായ പരാജയം ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും അത്ര പെട്ടെന്ന് മറക്കാനാകില്ല. ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും അത്രത്തോളം നിരാശ പകർന്ന പരാജയങ്ങൾ ആയിരുന്നു അത്.

കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് മത്സരത്തിലും, ഒരു നിമിഷം ഇന്ത്യ പരാജയം ആവർത്തിക്കുമോ എന്ന് തോന്നിപ്പിച്ചെങ്കിലും, തകർന്നടിഞ്ഞ ഇടത്തുനിന്ന് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത് വിരാട് കോഹ്‌ലി നടത്തിയ ഒറ്റയാൾ പോരാട്ടം ആയിരുന്നു. 53 പന്തിൽ 6 ഫോറും 4 സിക്സും സഹിതം 154.72 സ്ട്രൈക്ക് റേറ്റോടെ കോഹ്‌ലി 82* റൺസ് എടുത്തപ്പോൾ, പാകിസ്ഥാൻ ഉയർത്തിയ 160 റൺസ് എന്ന വിജയലക്ഷത്തിന്റെ പകുതിയിലധികം റൺസ് ആണ് കോഹ്‌ലി ഒറ്റയ്ക്ക് നേടിയത്.

ഇന്ത്യൻ ഇന്നിംഗ്സിന്റെ 19-ാം ഓവറിലെ അവസാന ബോളിൽ ഹാരിസ് റൗഫിനെ കോഹ്‌ലി സിക്സർ പറത്തിയതും, അവസാന ഓവർ ആർക്കുവേണമെങ്കിലും അനുകൂലമാകാം എന്ന സാഹചര്യം നിലനിൽക്കുമ്പോൾ, സമ്മർദ്ദത്തെ അതിജീവിച്ച് കോഹ്‌ലി സ്പിന്നർ മുഹമ്മദ്‌ നവാസിനെതിരെ നേടിയ സിക്സറുമെല്ലാം ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകന് ഒരുപാട് കാലത്തേക്കുള്ള നല്ല ഓർമ്മകളാണ്.

മത്സരശേഷം, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ഇത്‌ കോഹ്ലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആണ് എന്ന് അഭിപ്രായപ്പെട്ടു. “നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആയിരുന്നു അത്. റൗഫിനെതിരെ 19-ാം ഓവറിൽ ബാക്ക് ഫൂട്ടിൽ നിന്ന് സിക്സ് അടിച്ചത് ഗംഭീരമായിരുന്നു. ഇത്‌ തുടരുക,” സച്ചിൻ ടെൻടുൽക്കർ വിരാട് കോഹ്ലിയെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.