മകൻ അർജുന്റെ കളി ഞാൻ കാണാറില്ല 😱ഞെട്ടിക്കുന്ന മറുപടിയുമായി സച്ചിൻ

മക്കൾ വലിയ നേട്ടങ്ങൾ കൈവരിക്കുന്നത് നേരിട്ട് കാണുക എന്നത് ഏതൊരു അച്ഛനമ്മമാർക്കും വളരെ സന്തോഷം നൽകുന്ന കാഴ്ച്ചയാണ്. ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെൻടുൽക്കറുടെ മകൻ ക്രിക്കറ്റിൽ ഇതുവരെ വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കിയിട്ടില്ലെങ്കിലും, 22-കാരനായ ഫാസ്റ്റ് ബൗളർ, നിരവധി ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കുകയും മികച്ച ചില പ്രകടനങ്ങൾ പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, തന്റെ മകൻ അർജുൻ ടെണ്ടുൽക്കർ കളിക്കുന്നത് താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തി. ഒരു യുട്യൂബ് ചാനലിൽ ഗ്രഹാം ബെൻസിംഗറുമായുള്ള സംഭാഷണത്തിലാണ് സച്ചിൻ ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാൽ, അത് തന്റെ തിരക്കുകൾ കൊണ്ടല്ല എന്ന് സ്ഥിരീകരിച്ച സച്ചിൻ, മകന്റെ കളി കാണാൻ പോകാത്തതിന്റെ വ്യക്തമായ കാരണവും അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

തന്റെ മകന് ഗെയിമിൽ പൂർണ്ണ ശ്രദ്ധ വരണമെന്നും, തന്റെ സാന്നിധ്യം അവനിലോ അവന്റെ ചുറ്റുപാടിലൊ യാതൊരു തരത്തിലുമുള്ള സമ്മർദ്ദവും ജനിപ്പിക്കരുത് എന്ന തോന്നലാണ് സച്ചിനെ മകന്റെ കളി കാണാൻ പോകുന്നതിൽ നിന്ന് പിന്നോട്ട് വലിപ്പിക്കുന്നത്. എന്നാൽ, തന്റെ മകന്റെ കളി ഒരിക്കലും കണ്ടിട്ടില്ല എന്ന് പറയുന്നത് ശരിയല്ല എന്ന് വ്യക്തമാക്കുന്ന മാസ്റ്റർ ബ്ലാസ്റ്റർ, അവന്റെ ചില കളികൾ കാണാൻ പോകാറുണ്ട് എന്നും, എന്നാൽ അത് അവനോ, അവന്റെ പരിശീലകരോ അറിഞ്ഞിട്ടില്ല എന്നും പറയുന്നു.

“അച്ഛന്മാരും അമ്മമാരും, അവരുടെ കുട്ടികളുടെ കളി കാണുമ്പോൾ, കുട്ടികൾ സമ്മർദ്ദത്തിലാകുന്നു, അതുകൊണ്ടാണ് ഞാൻ അർജുന്റെ കളി കാണാൻ പോകാത്തത്. കാരണം ക്രിക്കറ്റിനെ സ്നേഹിക്കാനുള്ള സ്വാതന്ത്ര്യം അവന് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവൻ കളിക്കുന്നത് ഞാൻ പോയി കാണാറില്ല. അവൻ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ. ഞാൻ കളിക്കുമ്പോഴും, ആരും എന്നെ നോക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഞാൻ അവന്റെ കളികൾ കാണാൻ പോയാലും ഞാൻ എവിടെയെങ്കിലും ഒളിച്ചിരിക്കും. ഞാൻ അവിടെ ഉണ്ടെന്ന് അവനറിയില്ല, ആർക്കും അറിയില്ല, അവന്റെ പരിശീലകർക്കും അറിയില്ല,” സച്ചിൻ പറഞ്ഞു.