ആരാണ് ഇത് യുവിയോ ബുംറയോ!! രസികൻ ട്വീറ്റുമായി സച്ചിൻ

ഇന്ത്യ – ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റൺ ടെസ്റ്റ്‌ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ 10-ാം നമ്പറിൽ ബാറ്റുമായി ഇറങ്ങി, 16 പന്തിൽ 31* റൺസ് നേടിയതോടെ ക്രിക്കറ്റ് ലോകത്ത് ബുംറ കൊടുങ്കാറ്റായി. മത്സരത്തിൽ, ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ ഇന്നിംഗ്സിലെ 84-ാം ഓവറിൽ 6 റൺസ് എക്സ്ട്രാസ്‌ ഉൾപ്പടെ 35 റൺസ് പിറന്നപ്പോൾ, ബ്രോഡിനെതിരെ ബുംറ 29 റൺസ് നേടിയിരുന്നു.

ഇത്‌ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ, ഒരു ഓവറിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ആണ്. മത്സരത്തിൽ, ജഡേജക്ക് സ്ട്രൈക്ക് നൽകാനാണ് ബുംറ ആദ്യം ശ്രദ്ധിച്ചതെങ്കിലും, ജഡേജ പുറത്തായതിന് പിന്നാലെ ബുംറ ആക്രമകാരിയാവുകയായിരുന്നു. ബുംറ 16 പന്തിൽ 4 ഫോറും 2 സിക്സും സഹിതമാണ് 31* റൺസ് നേടിയത്. ഇതിന് പിന്നാലെ, ബുംറക്ക് ക്രിക്കറ്റ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും അഭിനന്ദനപ്രവാഹങ്ങൾ ഒഴുകിയെത്തി.

ബുംറയുടെ വേൾഡ് റെക്കോർഡ് നേട്ടം പിറന്നത് സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ ആയതുകൊണ്ട് തന്നെ, 2007 ലോകകപ്പിൽ സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ് നേടിയ ചരിത്രപരമായ 6 സിക്സ് നേട്ടത്തോടാണ് ആരാധകർ ബുംറയുടെ ഇന്നിംഗ്സിനെ താരതമ്യം ചെയ്യുന്നത്. ബുംറയുടെ ഇന്നിംഗ്സോടെ പലരും 2007 ലോകകപ്പിലെ ചരിത്ര നിമിഷം ഓർത്തെടുത്തു.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ബുംറയുടെ നേട്ടത്തെ അഭിനന്ദിക്കാൻ യുവിയുടെ ഇന്നിംഗ്സ് ഓർത്തെടുത്തു. ബ്രോഡിന്റെ ഒരു ബൗൺസറിനെതിരെ തന്റെ ബാറ്റ് വീശുന്ന ബുംറയുടെ ഒരു ഫോട്ടോ സച്ചിൻ പങ്കിട്ട് അടിക്കുറിപ്പിൽ സച്ചിൻ ഇങ്ങനെ എഴുതി, “ഇത് യുവരാജാണോ അതോ ബുംറയാണോ? 2007 എന്നെ ഓർമ്മിപ്പിച്ചു.” സച്ചിന്റെ ട്വീറ്റ് അതിവേഗം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.