എന്നെയും സഞ്ജുവിനെയും ഐപിഎല്ലിൽ എത്തിച്ചത് അദ്ദേഹം :ചിലവും വഹിച്ചതായി വെളിപ്പെടുത്തി സച്ചിൻ ബേബി

തന്നെയും സഞ്ജു സാംസണെയും മെയിൻ സ്ട്രീം ക്രിക്കറ്റിലേക്ക് കൊണ്ടുവരുന്നതിൽ മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത് വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കേരള രഞ്ജി ട്രോഫി ടീമിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബി. തന്നെയും സഞ്ജുവിനെയും ശ്രീശാന്ത് ആദ്യമായി രാജസ്ഥാൻ റോയൽസിന്റെ ട്രയൽസിൽ കൊണ്ടുപോയ അനുഭവവും, കേരള ടീമിൽ ശ്രീയുമായുള്ള അനുഭവവുമെല്ലാം സച്ചിൻ ബേബി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.

“ഞാൻ ആദ്യമായി കേരള ടീമിന് വേണ്ടി കളിക്കാൻ വരുമ്പോൾ, ശ്രീശാന്ത് ആയിരുന്നു കേരള ടീമിന്റെ ക്യാപ്റ്റൻ. അന്ന് തുടങ്ങിയ നല്ല ബന്ധമാണ് ഞങ്ങൾ തമ്മിൽ. ശ്രീയാണ് എന്നെയും സഞ്ജുവിനെയും രാജസ്ഥാന്റെ ട്രയൽസിൽ ആദ്യമായി കൊണ്ടുപോയത്. ഞങ്ങൾ ഉൾപ്പടെ ആറ് പേര് ഉണ്ടായിരുന്നു. എല്ലാവരുടെയും, ഫ്ലൈറ്റ് ടിക്കറ്റ് മുതൽ ഭക്ഷണവും, താമസവും ഉൾപ്പടെ എല്ലാ ചെലവും ശ്രീ ആയിരുന്നു നോക്കിയിരുന്നത്,” സച്ചിൻ ബേബി പറയുന്നു.

“2013 വരെ ഞങ്ങൾ ഒരുമിച്ച് കേരള ടീമിന് വേണ്ടി കളിച്ചു. പിന്നീട്, ശ്രീ വിലക്ക് നേരിട്ട് ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നപ്പോഴും ഞങ്ങൾ തമ്മിൽ നല്ല ബന്ധം പുലർത്തിയിരുന്നു. ടീമിന് വേണ്ടിയുള്ള നല്ല നിർദേശങ്ങൾ അദ്ദേഹം എന്നോട് പങ്കുവെക്കുമായിരുന്നു. വർഷങ്ങൾക്ക് ശേഷം ശ്രീ ടീമിൽ തിരിച്ചെത്തിയപ്പോൾ, അദ്ദേഹത്തിന്റെ ഫോമിൽ എല്ലാവർക്കും ആശങ്ക ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് അദ്ദേഹം എല്ലാവരിൽ നിന്നും മികച്ച നിലയിൽ പന്തെറിയുന്നു,” കേരള രഞ്ജി ടീം ക്യാപ്റ്റൻ പറഞ്ഞു.

ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിന് വേണ്ടി കളിച്ച അനുഭവങ്ങളും സച്ചിൻ പങ്കുവെക്കുന്നുണ്ട്. “ആർസിബിയിൽ എല്ലാവരും നല്ല രീതിയിൽ ആയിരുന്നു പെരുമാറിയത്. വിരാട് കോഹ്ലിയുടെ ടീമിന് വേണ്ടിയുള്ള ആത്മസമർപ്പണവും, കഠിനാധ്വാനവും എനിക്ക് നേരിട്ട് കണ്ട് പഠിക്കാൻ സാധിച്ചു. ഡിവില്ലിയേഴ്സും ഗെയിലുമെല്ലാം നല്ല പെരുമാറ്റമാണ്,” സച്ചിൻ ബേബി പറഞ്ഞു.