ദേ സച്ചിൻ പോകുന്നു 😱കളിയാക്കൽ നേരിട്ട കാലം വെളിപ്പെടുത്തി സഞ്ജു സാംസൺ

പ്രഥമ ഐപിഎൽ സീസണ് ശേഷം 2008-ലെ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസ്, വർഷങ്ങൾക്കിപ്പുറം 2022 ഐപിഎൽ സീസണിൽ തങ്ങളുടെ പ്രതാപ കാലത്തെ ഓർമ്മിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുമ്പോൾ, അന്ന്, അന്തരിച്ച ഇതിഹാസ താരം ഷെയ്ൻ വോൺ ഇരുന്നിരുന്ന നായകന്റെ പദവിയിൽ ഇന്ന് മലയാളി ക്രിക്കറ്റ്‌ താരം സഞ്ജു സാംസൺ ആണ് ഉള്ളത് എന്ന് ആലോചിക്കുമ്പോൾ തന്നെ, എല്ലാ മലയാളികൾക്കും ഒരു രോമാഞ്ചിഫിക്കേഷൻ അനുഭവപ്പെടും.

എന്നാൽ, വോണിന്റെയും രാഹുൽ ദ്രാവിഡിന്റെയുമെല്ലാം പിന്മുറക്കാരനായി ആ സ്ഥാനം അലങ്കരിക്കാൻ സഞ്ജു എത്തിപ്പെട്ടത്, നിരവധി പരിഹാസങ്ങളെയും കളിയാക്കലുകളെയും അതിജീവിച്ചും തന്റെ അച്ഛന്റെയും അമ്മയുടെയും സഹനങ്ങൾക്കൊണ്ടും സഹായങ്ങൾകൊണ്ടുമാണ് എന്നാണ് സഞ്ജു പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ സഞ്ജു തന്റെ കുടുംബത്തെ കുറിച്ച് ഇങ്ങനെ പറയുന്നു

“അച്ഛൻ, ഡൽഹി പോലീസിൽ ആയിരുന്നു. എന്റെ സഹോദരന്റെയും ക്രിക്കറ്റ്‌ മോഹം മനസ്സിലാക്കിയ അച്ഛൻ ഞങ്ങളെ പരിശീലനതിനൊക്കെ കൊണ്ടുപോകുമായിരുന്നു. രണ്ട് ട്രയൽസിലും ഞങ്ങൾ പങ്കെടുത്തു, പക്ഷെ തിരഞ്ഞെടുക്കപ്പെട്ടില്ല. അന്ന് ബസ് സ്റ്റാൻഡിലൂടെ എല്ലാം പോകുമ്പോൾ അച്ഛനോ അമ്മയോ ആയിരിക്കും ഞങ്ങളുടെ കിറ്റെല്ലാം പിടിക്കുക, പലരും ‘ദേ സച്ചിനും അച്ഛനും പോകുന്നു’ എന്നെല്ലാം പറഞ്ഞ് പരിഹസിച്ചിട്ടുണ്ട്,” സഞ്ജു പറയുന്നു.

“അങ്ങനെ ഞങ്ങൾ തിരുവനന്തപുരത്തേക്ക് താമസം മാറി. രണ്ട് വർഷം ഞാൻ ക്രിക്കറ്റ്‌ ഒന്നും കളിച്ചില്ല. ശേഷം, അച്ഛൻ ഡൽഹി പോലീസിൽ നിന്ന് വിരമിച്ച് നാട്ടിലെത്തി. വീണ്ടും ക്രിക്കറ്റ്‌ സ്വപ്നങ്ങൾക്ക് പൂവണിഞ്ഞു, ഞങ്ങൾ പരിശീലനം ആരംഭിച്ചു. ഞാൻ ഒരു നാൾ ഇന്ത്യക്ക് വേണ്ടി കളിക്കും എന്ന് എന്നേക്കാൾ കൂടുതൽ ആത്മവിശ്വാസം ഉണ്ടായിരുന്നത് എന്റെ സഹോദരനാണ്,” സഞ്ജു പറഞ്ഞു.