ദിനേശ് കാർത്തിക്ക് അല്ല അവനാണ് സൂപ്പർ!! റിഷാബ് പന്തിനായി വാദിച്ച് മുൻ താരം

ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ നിന്നും യുവതാരം ഋഷബ് പന്തിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് ഒരുപാട് വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. പന്തിന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ദിനേശ് കാർത്തികിനെയാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിൽ ബാംഗ്ലൂരിന് വേണ്ടി 37 വയസ്സുകാരനായ ദിനേശ് കാർത്തിക് പുറത്തെടുത്ത പ്രകടനമാണ് ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ താരത്തിന് സ്ഥാനം നേടിക്കൊടുത്തത്.

ആദ്യ മത്സരത്തിൽ നിന്നും പന്തിനെ ഒഴിവാക്കിയ തീരുമാനത്തെ ഒരുപാട് വിരമിച്ച ക്രിക്കറ്റ് കളിക്കാർ എതിർത്തിരുന്നു. ഇന്ത്യൻ മുൻതാരം അജയ് ജഡേജ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ടീമിൽ ദിനേശ് കാർത്തികിന് പകരം പന്തിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സബ കരീം. എന്തുകൊണ്ടാണ് ആദ്യ മത്സരത്തിൽ പന്തിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്ന ചോദ്യവും സബാ കരീം ഉന്നയിച്ചു.

“പന്ത് ഇന്ത്യൻ ടീമിൻ്റെ മുഖ്യ ഘടകമാണ്. ടീം വിജയിക്കുവാൻ ഒരു രക്ഷയും ഇല്ലാത്ത സാഹചര്യങ്ങളിൽ ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ കഴിവുള്ള താരമാണ് പന്ത്. അങ്ങനെയുള്ള താരത്തെ എന്തുകൊണ്ടാണ് ആദ്യ ഇലവനിൽ നിന്നും പുറത്താക്കുന്നത്? പന്തിനു പകരം ദിനേശ് കാർത്തികിനെ ആദ്യമായി മത്സരത്തിൽ ഉൾപ്പെടുത്തിയത് എന്നെ അത്ഭുതപ്പെടുത്തി. ദിനേശ് കാർത്തികിനേക്കാളും ഏറ്റവും മൂല്യമുള്ള കളിക്കാരൻ പന്ത് ആണ്.”- സബാ കരീം പറഞ്ഞു.

പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ജഡേജക്ക് പക്വത കൂടിയിട്ടുണ്ടെന്നും സഭ കരീം പറഞ്ഞു.”ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ദിനേശ് കാർത്തികിനെ ഉൾപ്പെടുത്തിയത് രവീന്ദ്ര ജദേഡജയെ ഫ്ലോട്ടറായി ഉപയോഗിക്കാൻ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ജഡേജയെ നാലാം നമ്പർ ബാറ്റ്സ്മാനായി ഇറക്കാൻ കഴിയും. അവന് പക്വത കൂടിയിട്ടുണ്ട്. ബാറ്റിങ് നിരയിൽ താഴേക്ക് ഇറങ്ങി വന്ന് പെട്ടെന്ന് റൺസ് കൂട്ടുവാനും അവന് സാധിക്കും.”- സബാ കരീം പറഞ്ഞു.