മിന്നൽ സാഹ!!! മിന്നൽ സ്റ്റമ്പിങ്ങിൽ ഞെട്ടി തരിച്ച് ക്രിക്കറ്റ്‌ ലോകം

ചൊവ്വാഴ്ച്ച (മെയ്‌ 10) പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടത്തിൽ, ലഖ്നൗ സൂപ്പർ ജിയന്റ്സിനെ 62 റൺസിന് പരാജയപ്പെടുത്തി ഗുജറാത് ടൈറ്റൻസ്. ഇതോടെ, കളിച്ച 12 മത്സരങ്ങളിൽ 9 ജയങ്ങളുമായി 18 പോയിന്റ് നേടിയ ഹാർദിക് പാണ്ഡ്യ നായകനായ ഗുജറാത്ത്‌ ടൈറ്റൻസ്, ഐപിഎൽ 15-ാം പതിപ്പിലെ ആദ്യ പ്ലേഓഫ് ബർത്ത് ഉറപ്പിക്കുന്ന ടീമായി.

മത്സരത്തിലേക്ക് വന്നാൽ, ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത്‌ ടൈറ്റൻസ്, ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ (65*) അർധ സെഞ്ച്വറി പ്രകടനത്തിന്റെ പിൻബലത്തിൽ നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടി. വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ സൂപ്പർ ജിയന്റ്സിന് പവർപ്ലേ അവസാനിക്കുന്നതിന് മുന്നേ തന്നെ മികച്ച ഫോമിലുള്ള ഓപ്പണർമാർ ഉൾപ്പടെ, ടോപ് ഓർഡർ നിരയിലെ 3 വിക്കറ്റ് നഷ്ടമായി.

ഇതോടെ, വലിയ ബാറ്റിംഗ് തകർച്ചയിലേക്ക് കൂപ്പുകുത്തിയ എൽഎസ്ജി, 13.5 ഓവറിൽ 82 റൺസിന് കൂടാരം കയറി. ടൈറ്റൻസിന് വേണ്ടി സ്പിന്നർ റാഷിദ്‌ ഖാൻ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ വിക്കറ്റിന് പിന്നിൽ ഗംഭീര പ്രകടനമാണ് വ്രിദ്ധിമാൻ സാഹ പുറത്തെടുത്തത്. മത്സരത്തിൽ, 2 ക്യാച്ചും 2 നിർണ്ണായക സ്റ്റംപിംഗും നടത്തി സാഹ തിളങ്ങി.

എൽഎസ്ജി തകർന്ന് നിന്നിരുന്ന സമയത്ത്, ടീമിന് തുണയക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ക്രുനാൾ പാണ്ഡ്യയെ ഇന്നിംഗ്സിന്റെ 8-ാം ഓവറിൽ റാഷിദ് ഖാൻ മടക്കിയപ്പോൾ, വിക്കറ്റ് കീപ്പർ സാഹയുടെ മിന്നൽ സ്റ്റംപിംഗ് ശ്രദ്ധേയമായിരുന്നു. റാഷിദ്‌ ഖാന്റെ ഗൂഗ്ലി ക്രീസിൽ നിന്ന് മുന്നോട്ട് കയറി അടിക്കാൻ ശ്രമിച്ച ക്രുനാളിന് പിഴക്കുകയും തിരികെ ക്രീസിൽ എത്താൻ ശ്രമിക്കുന്നതിനിടെ ബാലൻസ് നഷ്ടമാവുകയും ചെയ്തതോടെ, പന്ത് പിടിച്ചെടുത്ത സാഹ അതിവേഗം സ്റ്റംപ് ചെയ്യുകയായിരുന്നു. സായ് കിഷോറിന്റെ ബോളിൽ ആയുഷ് ബഡോണിയേയും സാഹ സ്റ്റംപിംഗിലൂടെ പുറത്താക്കി.