നാണക്കേട് തലയിലാക്കി സൗത്താഫ്രിക്ക!! അപൂർവ്വ നേട്ടവുമായി ടീം ഇന്ത്യ

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്കെതിരെ 107 റൺസ് വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക. ഇന്നിംഗ്സിന്റെ ആദ്യ 3 ഓവർ പൂർത്തിയാകുമ്പോഴേക്കും, 9-5 എന്ന നിലയിലേക്ക് തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്കയെ, ഐഡൻ മാർക്രം (25), വെയ്ൻ പാർനൽ (24), കേശവ് മഹാരാജ് (41) എന്നിവരാണ് മൂന്നക്കത്തിലേക്ക് നയിച്ചത്. എന്നാൽ, ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് ഇന്നിംഗ്സ് പൂർത്തിയായപ്പോൾ, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യക്ക് ഒരു തകർപ്പൻ റെക്കോർഡും ദക്ഷിണാഫ്രിക്കയ്ക്ക് ഒരു നാണക്കേടിന്റെ റെക്കോർഡും ലഭിച്ചു.

പവർപ്ലേ ഓവറുകളിൽ ദീപക് ചാഹറും അർഷദീപ് സിംഗും പിടിമുറുക്കിയതോടെ, ദക്ഷിണാഫ്രിക്കൻ ടോട്ടൽ രണ്ടക്കം കാണുന്നതിനു മുൻപേ, അഞ്ച് ടോപ് ഓർഡർ ബാറ്റർമാരെയാണ് ദക്ഷിണാഫ്രിക്ക നഷ്ടമായത്. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് ഇന്ത്യ പവർ പ്ലേ ഓവറുകളിൽ എതിർ ടീമിന്റെ 5 വിക്കറ്റുകൾ വീഴ്ത്തുന്നത്. നേരത്തെ 2007-ൽ ഡർബനിലും (31/5), 2016-ൽ വിശാഖപട്ടണത്തും (29/5), 2019-ൽ ലോഡർഹില്ലിലും (33/5), 2022-ൽ ദുബായിലും (21/5) ആണ് ഇന്ത്യ ടി20 ക്രിക്കറ്റിൽ പവർപ്ലേ ഓവറുകളിൽ എതിർ ടീമിന്റെ 5 വിക്കറ്റുകൾ വീഴ്ത്തിയത്.

തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പവർപ്ലേ അവസാനിക്കുമ്പോൾ 30/5 എന്നായിരുന്നു സ്കോർ. അതേസമയം, ഇത്‌ മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ടി20 ഫോർമാറ്റിൽ പവർപ്ലയിൽ 5 വിക്കറ്റുകൾ നഷ്ടമാകുന്നത്. 2007-ൽ വെസ്റ്റ് ഇൻഡീസിനെതിരെ 10/5, 2007-ൽ ഇന്ത്യക്കെതിരെ 31/5 എന്നിവയാണ് ഇതിന് മുൻപ് ദക്ഷിണാഫ്രിക്കക്ക് ടി20 മത്സരത്തിൽ പവർപ്ലേയിൽ 5 വിക്കറ്റുകൾ നഷ്ടമായത്.

എന്നാൽ, തിരുവനന്തപുരത്ത് നടന്ന ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ രണ്ടക്കം കാണുന്നതിനു മുൻപാണ് ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടമായത്. മത്സരത്തിലേക്ക് വന്നാൽ, ഇന്ത്യക്കായി അർഷദീപ് സിംഗ് 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ദീപക് ചാഹറും ഹർഷൽ പട്ടേലും 2 വീതം വിക്കറ്റുകളും വീഴ്ത്തി. അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. അതേസമയം, അശ്വിന് വിക്കറ്റുകൾ വീഴ്ത്താൻ ആയില്ലെങ്കിലും, ഒരു മൈഡൻ ഓവർ ഉൾപ്പടെ 4 ഓവർ എറിഞ്ഞ അശ്വിൻ 8 റൺസ് മാത്രമാണ് വിട്ടുനൽകിയത്.