ഇന്ത്യ കൊടുത്തത് എട്ടിന്റെ പണി 😳😳😳ലോകക്കപ്പിന് നേരിട്ട് യോഗ്യത ഇല്ലാതെ സൗത്താഫ്രിക്കൻ ടീം

ഏകദിന ക്രിക്കറ്റിലെ മികച്ച ടീമുകളിൽ ഒന്നായ സൗത്ത് ആഫ്രിക്ക അടുത്ത വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള യോഗ്യത നേടാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. 2020 മുതൽ ആരംഭിച്ച ഏകദിന വേൾഡ് കപ്പ് സൂപ്പർ ലീഗ് പോയിന്റ് പട്ടിക പ്രകാരം ആദ്യ എട്ട് സ്ഥാനങ്ങളിൽ വരുന്ന ടീമുകളാണ് നേരിട്ട് യോഗ്യത നേടുന്നത്. ടീമുകൾ തമ്മിൽ നടക്കുന്ന ഓരോ രാജ്യാന്തര മത്സരങ്ങളുടെയും വിജയത്തിന് 10 പോയിന്റ് ആണ് ഒരു ടീമിന് ലഭിക്കുന്നത്.

ആതിഥേയരായ ഇന്ത്യക്ക് റാങ്കിംഗ് നോക്കാതെ തന്നെ നേരിട്ട് യോഗ്യത ഉറപ്പായതുകൊണ്ട് ആകെ 7 ടീമിന് മാത്രമേ ഇനി നേരിട്ട് യോഗ്യത ലഭിക്കുകയുള്ളൂ. ഇന്ത്യയുമായി നടന്ന ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും പരാജയപ്പെട്ട സൗത്ത് ആഫ്രിക്കൻ ടീമിന് വിലപ്പെട്ട 20 പോയിന്റ് ആണ് നഷ്ടമായത്. 2020 മുതൽ പോയിന്റ് സിസ്റ്റം നടപ്പാക്കിയ ശേഷം കളിച്ച 16 ഏകദിന മത്സരങ്ങളിൽ ഒമ്പതിലും തോൽവിയായിരുന്നു ഫലം.

പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക ഇപ്പോഴുള്ളത്. അടുത്ത വർഷം ജൂണിൽ പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ചുരുക്കം മത്സരങ്ങൾ മാത്രമേ അവർക്ക് ഷെഡ്യൂൾ പ്രകാരം ഉള്ളൂ. ഇംഗ്ലണ്ടിന് എതിരെ മൂന്ന് ഏകദിനങ്ങളും നെതർലാൻഡ്സിനെതിരെ രണ്ട് ഏകദിനങ്ങളും. ഇതിൽ എല്ലാം ജയിച്ചാൽ പോലും നേരിട്ട് യോഗ്യത ഉറപ്പില്ല. കാരണം 59 പോയിന്റ് ഉള്ള അവർക്ക് മുകളിൽ 88 പോയിന്റ് ഉള്ള വെസ്റ്റിൻഡീസ്, 68 പോയിന്റ് ഉള്ള അയർലൻഡ്, 62 പോയിന്റ് ഉള്ള ശ്രീലങ്ക എന്നിവരൊക്കെ നിൽപ്പുണ്ട്.

ഐപിഎൽ മാതൃകയിൽ സൗത്ത് ആഫ്രിക്കയിൽ നടപ്പാക്കിയ ട്വന്റി ട്വന്റി ലീഗിൽ താരങ്ങൾക്ക് പങ്കെടുക്കാൻ വേണ്ടി ഓസ്ട്രേലിയയുമായി മുൻകൂട്ടി നിശ്ചയിച്ച മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര അവർ വേണ്ടെന്ന് വച്ചതാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയത്. ഇതോടെ പരമ്പരയിൽ ആകെയുള്ള 30 സൂപ്പർ ലീഗ് പോയിന്റ് നേരിട്ട് ഓസ്ട്രേലിയൻ ടീമിന് നൽകുകയായിരുന്നു ഐസിസി. ഇനി അടുത്ത വർഷം സിംബാബ്‌വേയിൽ വച്ച് നടക്കുന്ന യോഗ്യത മത്സരങ്ങൾ കളിച്ചുവേണം സൗത്ത് ആഫ്രിക്കക്ക് ലോകകപ്പ് കളിക്കാൻ എന്നുവേണം കരുതാൻ. പോയിന്റ് പട്ടികയിൽ 9-13 റാങ്കിംഗ് ഉള്ളവർ ഏറ്റുമുട്ടി മികച്ച രണ്ട് ടീമുകളാണ് പ്രധാന ടൂർണമെന്റിലേക്ക് യോഗ്യത നേടുക.