നടുവൊടിഞ്ഞ കേരളത്തെ കൈപിടിച്ചു കയറ്റി സച്ചിൻ ബേബി മാജിക്; അടിച്ചു കൂട്ടിയത് 12 ബൗണ്ടറികളും സിക്സറും
വീണ്ടും കേരളത്തെ കൈപിടിച്ചുയർത്തി സച്ചിൻ എന്ന ഹീറോ. രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ കർണാടകയ്ക്കെതിരായ മത്സരത്തിലായിരുന്നു സച്ചിൻ ബേബി ഒരുഗ്രൻ ഹീറോയിസം കാട്ടിയത്. മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ തിരിച്ചടികളോടെയായിരുന്നു കേരളത്തിന്റെ ഇന്നിങ്സ് ആരംഭിച്ചത്. ഓപ്പണർമാരായ പൊന്നൻ രാഹുലിനെയും(0) രോഹൻ കുന്നുമ്മലിനെയും (5) രോഹൻ പ്രേമിനെയും(0) കേരളത്തിന് തുടക്കത്തിൽ തന്നെ നഷ്ടമായി. കേരളം ആറ് റൺസിന് മൂന്നു വിക്കറ്റുകൾ എന്ന നിലയിൽ പതറി.
ശേഷമായിരുന്നു സച്ചിൻ ബേബി തന്റെ ബുദ്ധിപരമായ ഇന്നിങ്സ് പുറത്തെടുത്തത്. നടുവൊടിഞ്ഞുവീണ കേരള ബാറ്റിംഗ് നിരയെ സംയുമനപൂർവ്വമായ ബാറ്റിങ്ങിലൂടെ ബേബി കൈപിടിച്ചു കയറ്റി. നാലാം വിക്കറ്റിൽ വത്സൻ ഗോവിന്ദുമായി(46) ചേർന്ന് 120 റൺസിന്റെ കൂട്ടുകെട്ടായിരുന്നു സച്ചിൻ ബേബി പടുത്തുയർത്തിയത്. ഇതോടെ കേരളം ഭേദപ്പെട്ട നിലയിലെത്തി. ഗോവിന്ദ് പുറത്തായ ശേഷവും സച്ചിൻ മധ്യനിരയെ കൂട്ടുപിടിച്ചു ബാറ്റിംഗ് തുടർന്നു.

ഇന്നിംഗ്സിൽ 272 പന്തുകൾ നേരിട്ട സച്ചിൻ ബേബി 116 റൺസ് നേടി പുറത്താവാതെ ക്രീസിലുണ്ട്. 12 ബൗണ്ടറികളും ഒരു സിക്സറുമാണ് ബേബി ഇതുവരെ നേടിയിട്ടുള്ളത്. സച്ചിൻ ബേബിയുടെ ഈ മികവാർന്ന പ്രകടനത്തോടെ ആദ്യദിനം മത്സരം അവസാനിക്കുമ്പോൾ 224 ന് 6 എന്ന നിലയിലാണ് കേരളം. രണ്ടാം ദിവസവും സച്ചിൻ ബേബി മികവ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഴാം വിക്കറ്റിൽ ജലജ് സക്സനയുമൊപ്പം ചേർന്ന് ഇതുവരെ 50 റൺസിന്റെ കൂട്ടുകെട്ട് സച്ചിൻ കെട്ടിപ്പടുത്തിട്ടുണ്ട്. രണ്ടാം ദിവസവും ഈ പാർണർഷിപ്പ് തുടരുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. എന്തായാലും വലിയൊരു നാണക്കേടിൽ നിന്നാണ് സച്ചിൻ കേരളത്തെ രക്ഷിച്ചത്.