കിവീസ് സെവാഗെന്ന് എല്ലാവരും കരുതി 😱പക്ഷേ കരിയറിൽ സൂപ്പർ ഫ്ലോപ്പായ താരം

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നായി ന്യൂസിലൻഡ് ടീമിനെ കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഏത് എതിരാളികളെയും നിർഭയം നേരിടാൻ കഴിയുന്ന ഒരു ടീമാണ് അന്ന് കിവീസിന് ഉണ്ടായിരുന്നത്. ആ താരങ്ങൾക്കിടയിൽ എതിർ ബൗളർമാർക്ക്‌ സ്ഥിരം ഭീഷണിയായ ഒരു താരവും ഉണ്ടായിരുന്നു. അവന്റെ പേര് ജെസ്സി റൈഡർ. വെടിക്കെട്ട് ഇടംകൈയ്യൻ ബാറ്റർ, തന്റെ വിശാലമായ സ്‌ട്രോക്കുകൾ ഉപയോഗിച്ച് ഏത് ബൗളിംഗ് ആക്രമണത്തെയും തകർക്കാൻ കഴിവുള്ളവനായിരുന്നു.

എന്നാൽ, നിർഭാഗ്യവശാൽ കളിക്കളത്തിന് പുറത്തുള്ള അദ്ദേഹത്തിന്റെ ചില വ്യക്തിഗത പ്രശ്‌നങ്ങളും മോശമായ ആരോഗ്യവും അദ്ദേഹത്തിന്റെ കരിയറിന് വളരെ പെട്ടെന്ന് തിരശ്ശീല വീഴ്ത്തി.ജെസ്സി റൈഡർ, ടെസ്റ്റ്‌ ക്രിക്കറ്റിൽ ന്യൂസിലൻഡിന് മധ്യനിര ബാറ്ററായും, ഏകദിനങ്ങളിൽ ഓപ്പണറായുമാണ് കളിച്ചിരുന്നത്. 2008 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിനത്തിലാണ് റൈഡർ അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം കുറിച്ചത്. തന്റെ രണ്ടാം ഏകദിനത്തിൽ തന്നെ, 62 പന്തിൽ നിന്ന് പുറത്താകാതെ 79 റൺസ് നേടിയാണ് അദ്ദേഹം എല്ലാവരെയും ആകർഷിച്ചത്. തന്റെ അന്താരാഷ്ട്ര കരിയറിൽ, ജെസ്സി റൈഡർ 18 ടെസ്റ്റുകളിൽ നിന്ന് 3 സെഞ്ചുറികളും 6 അർധസെഞ്ചുറികളും സഹിതം 1269 റൺസ് നേടിയിട്ടുണ്ട്. 48 ഏകദിനങ്ങളിൽ കിവീസ് ടീമിനെ പ്രതിനിധീകരിച്ച റൈഡർ, 3 സെഞ്ച്വറികളും 6 അർധസെഞ്ചുറികളും സഹിതം 1362 റൺസും നേടിയിട്ടുണ്ട്.

കരിയറിൽ തുടരെ തുടരെ ഇഞ്ചുറികൾ സംഭവിക്കാറുണ്ടെങ്കിലും, എല്ലായിപ്പോഴും തിരിച്ചുവരവുകൾ ഗംഭീരമാക്കാറുള്ള താരമാണ് റൈഡർ. എന്നാൽ, റൈഡറുടെ മൈതാനത്തിന് പുറത്തുള്ള അച്ചടക്കമില്ലാത്ത ജീവിത രീതി, അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കുപ്പായത്തിന് കോട്ടം വരുത്തി. രണ്ട് തവണ ബാറിൽ നടന്ന അടിപിടിക്കേസിൽ ഉൾപ്പെട്ട റൈഡർ, 2013ൽ ക്രൈസ്റ്റ് ചർച്ചിലെ ഒരു ബാറിന് പുറത്ത് വെച്ച് നടന്ന ആക്രമണത്തിൽ ആക്രമിക്കപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ റൈഡർ, മരണത്തോട് മല്ലിട്ടാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

തുടർന്ന്, 2014-ൽ അന്താരാഷ്ട്ര കുപ്പായത്തിൽ തിരിച്ചെത്തുകയും, വിൻഡീസിനെതിരെ 46 പന്തിൽ സെഞ്ച്വറി നേടുകയും ചെയ്തു. എന്നാൽ, തുടർന്ന് നടന്ന ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ, അഞ്ച് മത്സരങ്ങളിലും റൈഡർ 20 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ വിഷമിച്ചതോടെ, 2014 ജനുവരി അവസാനത്തിൽ നടന്ന ആ പരമ്പരയ്ക്ക് ശേഷം, ജെസ്സി റൈഡറിന് ന്യൂസിലാൻഡ് കുപ്പായത്തിൽ ഇടം നേടാനായില്ല. ജെസ്സി റൈഡർ രാത്രി വൈകി മദ്യപിച്ചതിനും ടീം മാനേജരെ വാക്കാൽ അധിക്ഷേപിച്ചതിനും ആരോപിക്കപ്പെട്ടിട്ടുണ്ട്. ഒടുവിൽ, മദ്യപാനം കിവീസ് താരത്തിന്റെ എല്ലാ പ്രതീക്ഷകൾക്കും വിരാമമിട്ടു. നിലവിൽ കിവീസ് താരത്തെ കുറിച്ച് വാർത്തകളൊന്നുമില്ല. നേപ്പിയർ ടെക്‌നിക്കൽ ഓൾഡ് ബോയ്‌സിന്റെ പരിശീലകനായാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.