സൂപ്പർ ആൾറൗണ്ടറെ ടീമിലേക്ക് എത്തിക്കാൻ സഞ്ജുവും ടീമും 😱😱സൂപ്പർ നീക്കം ഉടനോ

ഐപിഎൽ 2022 സീസണിലെ ഏറ്റവും ബാലൻസ്ഡ് ടീം എന്ന് വിശേഷണം ലഭിച്ച ടീം രാജസ്ഥാൻ റോയൽസ് ആയിരുന്നു. പരിചയസമ്പന്നരായ വിദേശ – ഇന്ത്യൻ താരങ്ങൾക്കൊപ്പം പ്രതിഭാശാലികളായ ഒരുപിടി യുവ താരങ്ങൾ നിറഞ്ഞ സന്തുലിതവും കരുത്തുറ്റതുമായ ടീമാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ, അവരുടെ എല്ലാ പ്രതീക്ഷകൾക്കും തിരിച്ചടിയേൽപ്പിച്ച ഒന്നായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന ഉദ്ഘാടന മത്സരത്തിൽ അവരുടെ ഓസ്ട്രേലിയൻ പേസർ നഥാൻ കോൾട്ടർ നൈലിന് പരിക്കേറ്റത്.

തുടർന്ന് ഓസ്ട്രേലിയൻ പേസർ അദ്ദേഹത്തിന്റെ നാട്ടിലേക്ക് മടങ്ങി എന്ന് റോയൽസ് ഔദ്യോഗിക സ്ഥിരീകരണം നൽകുകയും ചെയ്തു. അതോടെ, റോയൽസ് കോൾട്ടർ നൈലിന്റെ പകരക്കാരനെ കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതാതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ, സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിന്റെ റഡാറിൽ മൂന്ന് താരങ്ങളാണ് ഉള്ളത് എന്നാണ് കണക്കാക്കുന്നത്.

മുൻപ് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ, കോൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് തുടങ്ങിയ ടീമുകളുടെ ഭാഗമായിട്ടുള്ള ന്യൂസിലാൻഡ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്ഹോം ആണ് റോയൽസിന്റെ പരിഗണന ലിസ്റ്റിലുള്ള ഒരാൾ. ഐപിഎല്ലിൽ 25 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരം 303 റൺസും 6 വിക്കറ്റും നേടിയിട്ടുണ്ട്. 2015-16 സീസണുകളിൽ ആർസിബി താരമായിരുന്ന ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡേവിഡ് വീസും റോയൽസിന്റെ പരിഗണന ലിസ്റ്റിൽ ഉണ്ട്. ഐപിഎല്ലിൽ വീസ് 127 റൺസും 16 വിക്കറ്റുകളും നേടിയിട്ടുണ്ട്.

എന്നാൽ, റോയൽസിലെത്താൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ശ്രീലങ്കൻ നായകനായ ദസൻ ഷനകയെ ആണ്. ഐപിഎല്ലിൽ ഇതുവരെ കളിച്ചിട്ടില്ലെങ്കിലും, ദേശീയ ടീമിനോപ്പമുള്ള ഷനകയുടെ പ്രകടനം ശ്രദ്ധേയമാണ്. വെടിക്കെട്ട് ബാറ്റിംഗിന് കെൽപ്പുള്ള താരം, മീഡിയം പേസർ കൂടിയാണ്. മാത്രമല്ല, കുമാർ സംഗക്കാര, ലസിത് മലിംഗ എന്നിവരടങ്ങുന്ന പരിശീലന സംഘത്തിനും ഷനകയിൽ വിശ്വാസം അർപ്പിക്കാനുള്ള സാധ്യതകൾ ഏറെയാണ്.