ആർ അശ്വിൻ മുതൽ ദേവ്ദത് പടിക്കൽ വരെ!! ഇത്തവണ സഞ്ജുപ്പട കരുത്തർ

രണ്ടു ദിവസമായി ബാംഗ്ലൂരിൽ വെച്ച് നടന്ന ഐപിഎൽ 2022 മെഗാ താരലേലം അവസാനിച്ചപ്പോൾ, രാജസ്ഥാൻ റോയൽസ് ആരാധകരുടെ മുഖത്ത് പുഞ്ചിരി വിടർന്നു. ഐപിഎല്ലിന്റെ പ്രഥമ സീസണിന് ശേഷം ജേതാക്കളാകാത്ത രാജസ്ഥാൻ, ഇത്തവണ ഒരു മികച്ച ടീം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലേലത്തിന് ഇറങ്ങിയത്. മുഖ്യ പരിശീലകൻ കുമാർ സംഗക്കാര ലേലത്തിന് നേതൃത്വം കൊടുത്തപ്പോൾ, മികച്ച ഒരു ടീമിനെ തന്നെ രാജസ്ഥാന് ലഭിച്ചു എന്ന് വേണം പറയാൻ. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ടീമിന്റെ കരുത്തും ദൗർബല്യവും നമുക്കൊന്ന് പരിശോധിക്കാം.

എല്ലാ മേഖലകളിലും മികച്ച കളിക്കാരെ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, ആദ്യം രാജസ്ഥാന്റെ ചില ദൗർബല്യങ്ങൾ നമുക്കൊന്ന് പരിശോധിക്കാം. സ്പിൻ ബൗളിംഗ് ഒഴിച്ചു നിർത്തിയാൽ മറ്റു മേഖലകളിൽ സീനിയർ ഇന്ത്യൻ താരങ്ങളുടെ അഭാവം പ്രകടമാണ്. എന്നിരുന്നാലും, മുൻ സീസണുകളിൽ തങ്ങളുടെ പ്രതിഭ തെളിയിച്ച ഒരുപിടി മികച്ച യുവതാരങ്ങളെ വെച്ച് രാജസ്ഥാൻ സീനിയർ താരങ്ങളുടെ പോരായ്മ നികത്തി എന്ന് നമുക്ക് പറയാം.രാജസ്ഥാൻ ടീമിന്റെ ഏറ്റവും കരുത്തുറ്റ മേഖലയാണ് അവരുടെ സ്പിൻ യൂണിറ്റ്. നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന ഏറ്റവും പരിചയസമ്പന്നരായ ആർ അശ്വിനെയും, യുസ്വേന്ദ്ര ചാഹലിനെയും സ്വന്തമാക്കിയതിലൂടെ രാജസ്ഥാന്റെ സ്പിൻ യൂണിറ്റ് മറ്റു ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു പടി മുന്നിൽ നിൽക്കും എന്ന് തന്നെ പറയാം.

ഫാസ്റ്റ് ബൗളർമാരുടെ കാര്യമെടുത്താൽ, ന്യൂസിലാൻഡ് പേസർ ട്രെന്റ് ബോൾട്ട് തന്നെയാണ് രാജസ്ഥാന്റെ ഐക്കൺ താരം. ബോൾട്ടിന് കൂട്ടായി, ഓസ്ട്രേലിയൻ പേസർ നഥാൻ കോൾട്ടർ-നൈൽ, വിൻഡീസ് പേസർ ഒബഡ് മക്കോയ് എന്നിവരും, ഇന്ത്യയുടെ യുവ പേസർമാരായ പ്രസിദ് കൃഷ്ണ, നവ്ദീപ് സയ്നി എന്നിവരും കൂടി ചേരുന്നതോടെ, സഞ്ജുവിന്റെ രാജസ്ഥാൻ പടയുടെ പേസ് യൂണിറ്റിനും മൂർച്ചയേറും.

ഓൾറൗണ്ടർമാരുടെ കാര്യമെടുത്താൽ ന്യൂസിലാൻഡ് താരങ്ങളായ ജെയിംസ് നീഷമിന്റെയും, ഡാരി മിച്ചലിന്റെയും സേവനം സഞ്ജുവിന് ലഭ്യമാണെങ്കിലും, അശ്വിനെ ഒഴിച്ചു നിർത്തിയാൽ, 6-ാം നമ്പറിലോ 7-ാം നമ്പറിലോ കളിക്കാൻ കെൽപ്പുള്ള ഒരു മികച്ച ഇന്ത്യൻ ഓൾറൗണ്ടർ ഇല്ലാത്തത് സഞ്ജുവിന് തലവേദനയാകാൻ സാധ്യതയുണ്ട്. ബാറ്റിംഗിൽ, ക്യാപ്റ്റൻ സഞ്ജു സാംസൺ, ജോസ്‌ ബറ്റ്ലർ, യശാവി ജെയ്‌സ്വാൾ എന്നിവരെ നിലനിർത്തിയതിനൊപ്പം, കഴിഞ്ഞ സീസണുകളിൽ ആർസിബിക്ക്‌ വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യയുടെ യുവ ഓപ്പണിങ് ബാറ്റർ ദേവ്ദത് പടിക്കൽ, കരുൺ നായർ, വിൻഡീസ് ബാറ്റർ ഷിംറോൻ ഹെറ്റ്മയർ, ദക്ഷിണാഫ്രിക്കൻ ബാറ്റർ റാസി വാൻഡർ ഡസ്സൻ എന്നിവർ കൂടി ചേരുന്നതോടെ രാജസ്ഥാൻ ബാറ്റിംഗ് നിര കരുത്തുറ്റതാണ് എന്നതിൽ സംശയമില്ല. താരങ്ങളുടെ പ്രകടനവും സഞ്ജുവിന്റെ ക്യാപ്റ്റൻസിയും മികച്ചു നിന്നാൽ, ഇത്തവണ കിരീട സാധ്യതയുള്ള ടീമുകളിൽ മുൻപന്തിയിലാവും രാജസ്ഥാന്റെ സ്ഥാനം.

Rate this post