രാജസ്ഥാൻ ക്യാമ്പിൽ മറ്റൊരു മലയാളി :രാജസ്ഥാന്റെ സർപ്രൈസ് നീക്കം ഭാവിയിലേക്ക്

നായകൻ സഞ്ജു സാംസൺ, ബാറ്റർമാരായി ദേവ്ദത് പടിക്കലും കരൺ നായരും ഐപിഎൽ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസിൽ മലയാളികളുടെ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവർക്കൊപ്പം മറ്റൊരു മലയാളി ക്രിക്കറ്റർക്കൂടി പ്രഥമ ഐപിഎൽ ചാമ്പ്യൻമാരുടെ ഭാഗമാകാൻ ഒരുങ്ങുകയാണ്. എന്നാൽ, ഇത്തവണ കളിക്കാരനായിയല്ല മറിച്ച് പരിശീലകന്റെ റോളിലാണ് മലയാളി എത്തുന്നത്.

മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ റൈഫി വിൻസെന്റ് ഗോമെസിനെ രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ്‌ അക്കാദമിയിലെ പരിശീലകരുടെ സംഘത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിന്റെ പുതിയ ക്രിക്കറ്റ്‌ അക്കാദമിയായി നാഗ്പൂരിൽ ആരംഭിക്കുന്ന ഹൈ പെർഫോമൻസ് ക്യാമ്പിലേക്കാണ് പരിശീലകനായി മുൻ കേരള താരത്തെ നിയമിച്ചിരിക്കുന്നത്.

ഐപിഎൽ 2022 സീസണ് മുന്നോടിയായി നടന്ന രാജസ്ഥാൻ റോയൽസിന്റെ പ്രീ സീസൺ ക്യാമ്പിലും റൈഫി ടീമിനൊപ്പം ഉണ്ടായിരുന്നു. സഞ്ജു സാംസന്റെ അടുത്ത സുഹൃത്ത്ക്കൂടിയായ റൈഫി രാജസ്ഥാൻ ടീമിനൊപ്പം ചേരുന്നതിൽ സഞ്ജു സാംസണും സന്തോഷവാനാണ്. റൈഫി കൂടി ചേരുന്നതോടെ രാജസ്ഥാൻ റോയൽസിനൊപ്പമുള്ള മലയാളികളുടെ എണ്ണം നാലാകും.

അതേസമയം കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത്‌ ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടു. 37 റൺസിനാണ് റോയൽസ് തോൽവി അറിഞ്ഞത്. ടൂർണമെന്റിന്റെ ഈ സീസണിലെ റോയൽസിന്റെ രണ്ടാമത്തെ തോൽവിയാണിത്. ഇതോടെ 5 കളികളിൽ നിന്ന് 3 ജയവും 2 തോൽവിയും ഉൾപ്പടെ 6 പോയിന്റുള്ള റോയൽസ് പോയിന്റ് പട്ടികയിൽ 3-ാം സ്ഥാനത്താണ്. ഏപ്രിൽ 18-ന് കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെയാണ്‌ അവരുടെ അടുത്ത മത്സരം.

Rate this post