
രാജസ്ഥാൻ റോയൽസിന്റെ പ്ലേഓഫ് പാത സങ്കീർണ്ണം!! ഈ മത്സരഫലം സഞ്ജുവിനും കൂട്ടർക്കും നിർണായകം
സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് പുത്തൻ ഉണർവുകൾ വന്നുകൊണ്ടിരിക്കുകയാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ വലിയ മാർജിനിൽ പരാജയം വഴങ്ങിയതോടെ പ്ലേഓഫ് സാധ്യതകൾക്ക് മങ്ങലേറ്റ രാജസ്ഥാൻ റോയൽസിന്, പ്ലേഓഫിൽ ഒരു ഇടം ഉറപ്പിക്കാൻ മറ്റു മത്സരങ്ങളുടെ ഫലങ്ങൾ കൂടി അനുകൂലമാകേണ്ടതുണ്ടായിരുന്നു. ഇപ്പോൾ, ഇക്കാര്യത്തിൽ ശുഭ സൂചനയാണ് റോയൽസിന് വന്നുചേരുന്നത്.
നേരത്തെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലക്നൗ സൂപ്പർ ജിയന്റ്സ് എന്നീ ടീമുകൾ അവരുടെ അവസാന മത്സരങ്ങളിൽ വിജയിച്ചത് റോയൽസിന് ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തിയത് രാജസ്ഥാൻ റോയൽസിന്റെ പ്രതീക്ഷകൾക്ക് പുതുജീവൻ നൽകിയിരിക്കുകയാണ്. ഇതോടെ, പ്ലേഓഫിൽ ഇടം കണ്ടെത്താനായി രാജസ്ഥാൻ റോയൽസ് പുതിയ കണക്കുകൂട്ടലുകൾ നടത്തുകയാണ്.
നിലവിൽ 13 കളികളിൽ നിന്ന് 12 പോയിന്റുകൾ ഉള്ള രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകൾ ആണ് ഇപ്പോൾ രാജസ്ഥാൻ റോയൽസിനൊപ്പം പ്ലേഓഫ് സംസ്ഥാനത്തിനായി മത്സര രംഗത്ത് ഉള്ളത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾ അവരുടെ ശേഷിക്കുന്ന മത്സരങ്ങൾ പരാജയപ്പെടേണ്ടത് രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
ഇത് കൂടാതെ, പഞ്ചാബ് കിങ്‌സിനെതിരായ ലീഗ് ഘട്ടത്തിലെ അവസാന മത്സരം വലിയ മാർജിനിൽ രാജസ്ഥാൻ റോയൽസ് വിജയിക്കേണ്ടതുണ്ട്. മെയ് 19-ന് ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആണ് ഈ നിർണായക മത്സരം നടക്കുക. ഒരുപക്ഷേ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടാൽ, മറ്റു മത്സരഫലങ്ങൾ ഒന്നും തന്നെ അവർക്ക് തുണയായേക്കില്ല.