നൂറ്റാണ്ടിലെ സ്വീപ്പുമായി ജോ റൂട്ട്!!മക്കല്ലം എഫെക്റ്റ് : ഹിറ്റാക്കി ആരാധകർ

മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രെണ്ടൻ മക്കല്ലം ഇംഗ്ലണ്ട് നാഷണൽ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റു എന്ന പ്രഖ്യാപനം വന്നപ്പോൾ മുതൽ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ശൈലിയിൽ പോലും മാറ്റം വരുമെന്ന് ക്രിക്കറ്റ് വിദഗ്ധരിൽ പലരും നിരീക്ഷിച്ചിരുന്നു. അവരുടെ നിരീക്ഷണങ്ങൾ ശരിവെക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ ആണ് ഇപ്പോൾ ഇംഗ്ലണ്ട് ടെസ്റ്റ് താരങ്ങളിൽ പോലും കണ്ടുവരുന്നത്.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മുൻ ഇംഗ്ലീഷ് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ടിന്റെ ബാറ്റിംഗ് ശൈലിയിൽ വന്ന മാറ്റം തന്നെ ഇതിന് ഉദാഹരണമാണ്. സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി ടെസ്റ്റ് ക്രിക്കറ്റിൽ ആക്രമിച്ചു കളിക്കാനാണ് ജോ റൂട്ട് ഇപ്പോൾ ഇഷ്ടപ്പെടുന്നത്. കഴിഞ്ഞ മത്സരങ്ങളിലും റൂട്ടിന്റെ ഭാഗത്ത് നിന്ന് ചില അപ്രതീക്ഷിത ഷോട്ടുകൾ ക്രിക്കറ്റ് ലോക കണ്ടിരുന്നു.

ഇപ്പോൾ, ജൂൺ 26 ഞായറാഴ്ച ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇംഗ്ലീഷ് സ്റ്റാർ ബാറ്റർ ജോ റൂട്ട് അസാധാരണമായ റിവേഴ്സ് സ്കൂപ്പ് കളിച്ചിരിക്കുകയാണ്. ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ നടക്കുന്ന ടെസ്റ്റ്‌ മത്സരത്തിൽ, ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിടെ ന്യൂസിലൻഡ് ഇടംകൈയ്യൻ പേസർ നീൽ വാഗ്നർ എറിഞ്ഞ ഇന്നിംഗ്‌സിന്റെ 22-ാം ഓവറിലെ അവസാന പന്തിൽ റൂട്ട് തന്റെ പരിമതിക്കപ്പുറം നിന്ന് റിവേഴ്സ് സ്കൂപ്പ് കളിച്ച് തേർഡ് മാനിലേക്ക് സിക്സ് പറത്തി.

മത്സരത്തിലേക്ക് വന്നാൽ, ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 329 റൺസ് നേടിയിരുന്നു. മറുപടിയായി, ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 360 റൺസ് നേടി. തുടർന്ന്, രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലാൻഡ് 326 റൺസ് കണ്ടെത്തി. ഇപ്പോൾ, രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ട്, 2 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എന്ന നിലയിലാണ്. ഒരു ദിനം ശേഷിക്കേ, 113 റൺസാണ് ഇംഗ്ലണ്ടിന് ഇനി ജയിക്കാൻ വേണ്ടി ആവശ്യമായുള്ളത്.