ബാറ്റ് എയറിൽ നിർത്തി ജോ റൂട്ട്!! റൂട്ടിന് മാജിക്കും അറിയുമോ :ഞെട്ടി ക്രിക്കറ്റ് ലോകം

ഇംഗ്ലണ്ട് – ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിലെ ലോഡ്സിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. വിജയ സാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ 277 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ജോ റൂട്ടിന്റെ സെഞ്ച്വറി മികവിലാണ് ജയം സ്വന്തമാക്കിയത്. റൂട്ട് പുറത്താകാതെ 115 റൺസ് നേടി.

ആദ്യ ഇന്നിംഗ്സിൽ ന്യൂസിലാൻഡിന് ബാറ്റിംഗ് തകർച്ച സംഭവിച്ചതോടെ കിവീസ് 132 റൺസിന് കൂടാരം കയറി. ന്യൂസിലാൻഡിന് പിന്നാലെ ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനും ബാറ്റിംഗ് തകർച്ചയായിരുന്നു ഫലം. ഇംഗ്ലീഷ് പട 141 റൺസിന് ഓൾഔട്ടായി. തുടർന്ന് രണ്ടാം ഇന്നിംഗ്സ്‌ ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ് ഡാരിൽ മിച്ചലിന്റെ (108) സെഞ്ച്വറിയുടെയും ടോമി ബ്ലണ്ടലിന്റെ (96) റൺസിന്റെയും മികവിൽ 285 റൺസ് നേടി.

ശേഷം രണ്ടാം ഇന്നിംഗ്സ്‌ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒരു സമയത്ത് 69/4 എന്ന നിലയിലേക്ക് തകർന്നെങ്കിലും, ജോ റൂട്ടും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും (54) ചേർന്ന് ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. റൂട്ട് തന്റെ സെഞ്ച്വറി പ്രകടനത്തോടെ ടെസ്റ്റ് ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടു. ഇംഗ്ലണ്ടിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് ജോ റൂട്ട്.

എന്നാൽ, കളിക്കിടെ റൂട്ടിൽ നിന്ന് മറ്റൊരു മാന്ത്രിക കാഴ്ചയ്ക്കും ക്രിക്കറ്റ് ലോകം സാക്ഷികളായി. മത്സരത്തിൽ ന്യൂസിലാൻഡ് ഫാസ്റ്റ് ബോളർ ജെയിമിൻസൺ പന്തെറിയാൻ ഒരുങ്ങുന്നതിനിടെ റൂട്ട് ബാറ്റ് വച്ചിരിക്കുന്ന രീതിയാണ് ക്രിക്കറ്റ് കാണികൾക്കിടയിൽ അമ്പരപ്പ് സൃഷ്ടിച്ചത്. റൂട്ട് ബാറ്റിൽ നിന്ന് ഒഴിഞ്ഞു നിൽക്കുമ്പോഴും ബാറ്റ് ലംബമായി ഒറ്റയ്ക്ക് വച്ചിരിക്കുകയായിരുന്നു. തുടർന്ന് ജെയിമിൻസൺ റൺഅപ്പ് നടത്തുമ്പോൾ റൂട്ട് ബാറ്റ് എടുക്കുന്നതും വൈറൽ വീഡിയോയിൽ ദൃശ്യമാണ്.