റൊണാൾഡോയ്ക്കും മെസ്സിക്കുമൊപ്പം വിരാട് കോഹ്ലിയെ ആദരിച്ച് ട്വിറ്റർ ; വിരാട് കോഹ്ലി ഇനി കോഹ്ലി GOAT
ലോകത്താകമാനം 335 മില്യണിലധികം ഉപയോക്താക്കൾ ഉള്ള നവമാധ്യമമാണ് ട്വിറ്റർ. ചിത്രങ്ങൾ പങ്കുവെക്കുന്നതിലുപരി, സന്ദേശങ്ങളും അറിയിപ്പുകളും അറിയിക്കാൻ ആളുകൾ ട്വിറ്ററിനെ ആശ്രയിക്കുന്നു. പ്രത്യേകിച്ച്, സെലിബ്രിറ്റികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ് ട്വിറ്റർ. ട്വീറ്റ്, റീട്വീറ്റ്, ട്രെൻഡിംഗ്, ഹാഷ്ടാഗ് ട്രെൻഡിംഗ് തുടങ്ങിയ നിരവധി കീവേർഡ്സ് ഉള്ള ട്വിറ്ററിൽ, വളരെ അപൂർവ്വം മാത്രം കേട്ട് കേൾവിയുള്ള ഒരു പദമാണ് ‘GOAT’.
ഓരോ മേഘലയിൽ കഴിവ് തെളിയിച്ച വ്യക്തികൾക്ക് ട്വിറ്റർ ആദര സൂചകമായി നൽകുന്നതാണ് ‘GOAT’ എന്ന പദവി. GOAT എന്നത് കൊണ്ട് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (എക്കാലത്തെയും മികച്ച) എന്നാണ് അർത്ഥമാക്കുന്നത്. ഈ പദവി നൽകി ട്വിറ്റർ ആദരിക്കുന്ന വ്യക്തികളുടെ നാമം, ട്വിറ്ററിൽ ഹാഷ്ടാഗ് ഉപയോഗിച്ച് ടെക്സ്റ്റ് ചെയ്താൽ, പേരിന്റെ ടൈറ്റിലിന് ശേഷം ഒരു ആടിന്റെ ഐക്കൺ പ്രത്യക്ഷപ്പെടും.
ഇപ്പോൾ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ, GOAT പദവി നൽകി ആദരിച്ചിരിക്കുകയാണ് ട്വിറ്റർ. ക്രിക്കറ്റ് മൈതാനത്ത് ഇതുവരെ നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് കോഹ്ലിയെ ഈ പദവി നൽകി ട്വിറ്റർ ആദരിച്ചിരിക്കുന്നത്. ഇതോടെ, ഇനി ഓരോ തവണയും, ഒരു ട്വിറ്റർ ഉപയോക്താവ് വിരാട് കോഹ്ലി എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് പോസ്റ്റുചെയ്യുമ്പോൾ, ആ തലക്കെട്ടിന് ശേഷം ഒരു ആടിന്റെ ഐക്കൺ പ്രത്യക്ഷപ്പെടും.
Anushka Sharma and Virat Kohli make a public appearance in Mumbai today!#ViratKohli𓃵 #AnushkaSharmapic.twitter.com/30XfdGOHFB
— OneCricket (@OneCricketApp) February 23, 2022
സംഭവമറിഞ്ഞ വിരാട് കോഹ്ലി ആരാധകർ, ട്വിറ്ററിൽ #viratkohli എന്ന തലക്കെട്ടിൽ ട്വീറ്റുകൾ ചെയ്ത് ആഘോഷമാക്കിയിരിക്കുകയാണ്. ഇതോടെ, #viratkohli എന്നത് ട്വിറ്ററിൽ ട്രെൻഡിംഗ് ആയിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻടുൽക്കറും #viratkohli എന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. നിലവിൽ വിരാട് കോഹ്ലിയെ കൂടാതെ ടോളിവുഡ് നടൻ പ്രഭാസിനെയും ഇന്ത്യയിൽ നിന്ന് ട്വിറ്റർ ഈ പദവി നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ, ടെന്നീസ് താരം റാഫേൽ നദാൽ, ഫുട്ബോൾ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർക്കും ട്വിറ്റർ ഈ പദവി നൽകിയിട്ടുണ്ട്.