ഇത്തവണയും പാരമ്പര്യം തെറ്റിക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ ; ആർക്കാണ് ഇത്തവണ രോഹിത് ട്രോഫി കൈമാറിയത്?

ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ്‌ പരമ്പരയിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീം രണ്ട് ടെസ്റ്റ്‌ മത്സരങ്ങളും പൂർണ്ണ ആധിപത്യത്തോടെ വിജയിച്ച് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-0 ത്തിന് തൂത്തുവാരി. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന പിങ്ക്-ബോൾ ടെസ്റ്റ് മത്സരമായ രണ്ടാം മത്സരത്തിൽ, ഇന്ത്യ 238 റൺസിന് വിജയിക്കുകയും 12 നിർണായക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) പോയിന്റുകൾ നേടുകയും ചെയ്തു.

നേരത്തെ, മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ഇന്നിംഗ്‌സിനും 222 റൺസിനും വിജയിച്ചിരുന്നു. രണ്ട് മത്സരങ്ങളിലും അർദ്ധസെഞ്ച്വറി നേടിയ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ആണ് പരമ്പരയിലെ താരമായി (മാൻ ഓഫ് ദി സീരീസ്) ആയി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, പരമ്പര നേട്ടത്തിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മ ആർക്കാവും ട്രോഫി കൈമാറുക എന്നത് ആരാധകർ ഉറ്റുനോക്കിയിരുന്ന ഒന്നായിരുന്നു.

പരമ്പര നേട്ടത്തോടെ, ട്രോഫി സ്വീകരിച്ച ഇന്ത്യൻ ക്യാപ്റ്റൻ, ഇത്തവണയും പാരമ്പര്യം തെറ്റിക്കാതെ ടീമിലെ പുതുമുഖങ്ങൾക്ക് തന്നെ ട്രോഫി കൈമാറി. ഇത്തവണ ടീമിലെ പുതുമുഖങ്ങളായ ബാറ്റർ പ്രിയങ്ക് പഞ്ചാലിനും ഓൾറൗണ്ടർ സൗരഭ് കുമാറിനുമാണ് ഇന്ത്യൻ നായകൻ ട്രോഫി കൈമാറിയത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ പ്രിയങ്ക് പഞ്ചാൽ ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറായിരുന്നു. 101 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച 31 കാരനായ പഞ്ചാൽ, 45.3 ശരാശരിയിൽ 7068 റൺസ് നേടിയിട്ടുണ്ട്.

അതേസമയം, 28 കാരനായ സൗരഭ് കുമാർ, ഇടംകൈയ്യൻ ബാറ്ററും സ്ലോ ലെഫ്റ്റ് ആം ഓർത്തഡോക്സ് ബൗളറുമാണ്. ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ ഓൾറൗണ്ടർ, 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 29.11 ശരാശരിയിൽ 2 സെഞ്ചുറികളും 8 അർധസെഞ്ചുറികളും ഉൾപ്പെടെ 1572 റൺസ് നേടിയിട്ടുണ്ട്. കൂടാതെ, തന്റെ ഫസ്റ്റ് ക്ലാസ് കരിയറിൽ 24.15 ശരാശരിയിൽ 2.70 ഇക്കോണമിയിൽ 196 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.