അവൻ ടീമിനായി ബെഞ്ചിൽ ഇരുന്നവൻ!!!ബൗളർമാർക്കും ക്യാപ്റ്റൻ വക പ്രശംസ :വെളിപ്പെടുത്തി രോഹിത് ശർമ്മ

ഇന്ത്യ – ഇംഗ്ലണ്ട് ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര ജയം. മത്സരത്തിൽ ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനത്തെ ശരിവെക്കുന്ന രീതിയിലായിരുന്നു ഇന്ത്യൻ ബൗളർമാർ പന്തെറിഞ്ഞത്. ഇന്ത്യൻ പേസർമാർ പിടിമുറുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 110 റൺസിന് ഓൾഔട്ടായി. ഇന്ത്യക്കായി ബുംറ 6 വിക്കറ്റും മുഹമ്മദ്‌ ഷമി 3 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറിങ്ങിയ ഇന്ത്യയെ, ഏറെക്കാലത്തിനുശേഷം വീണ്ടും ഒരുമിച്ച ഓപ്പണിങ് സഖ്യമായ ക്യാപ്റ്റൻ രോഹിത് ശർമ്മയും (76*), ശിഖർ ധവാനും (31*) അനായാസം ജയത്തിലേക്ക് നയിച്ചു. 18.4 ഓവറിലാണ് ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 114 റൺസ് നേടി വിജയലക്ഷ്യം മറികടന്നത്. മത്സരശേഷം, ഇന്ത്യൻ ബൗളർമാരെ അഭിനന്ദിച്ച ക്യാപ്റ്റൻ രോഹിത് ശർമ ശിഖർ ധവാനെ പ്രത്യേകം പരാമർശിച്ചു.

“സാഹചര്യങ്ങളും പിച്ചും നോക്കിയാണ് ടോസ് കോൾ ചെയ്യുന്നത്, ഇന്ന് അത് ശരിയായ കോൾ ആയിരുന്നു. ഞങ്ങൾ ഒരിക്കലും വരാനിരിക്കുന്ന സാഹചര്യങ്ങളും പ്രതിസന്ധികളും ആലോചിച്ച് വിഷമിക്കാറില്ല. കാരണം, ഏത് സാഹചര്യത്തിലും കളിക്കാൻ കെൽപ്പുള്ള കളിക്കാർ ഇപ്പോൾ നമ്മുടെ ടീമിൽ ഉണ്ട്. പിച്ചിൽ സ്വിംഗും സീമും ഉണ്ടായിരുന്നു, ഞങ്ങൾ അവയെ നന്നായി മുതലെടുത്തു,” രോഹിത് പറയുന്നു.

“ഞങ്ങളുടെ ബൗളർമാർക്ക് രണ്ട് വഴിക്കും പന്ത് സ്വിംഗ് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, അതിനാൽ അത്തരത്തിലുള്ള ഫീൽഡും സെറ്റ് ചെയ്തിരുന്നു. ശിഖറും ഞാനും പരസ്പരം നന്നായി മനസ്സിലാക്കുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് അദ്ദേഹം ഏകദിനം കളിക്കുന്നത്. അദ്ദേഹം ടീമിന് വേണ്ടിയാണു ബെഞ്ചിലേക്ക് പോയതെന്ന് ഞങ്ങൾക്കറിയാം. പരിചയ സമ്പന്നനായ അദ്ദേഹം, മുൻകാലങ്ങളിൽ ടീമിന് നൽകിയ സംഭാവനകൾക്ക് സമാനമായി, ഈ കളിയിലും മികച്ച പ്രകടനം കാഴ്ചവെച്ചു,” രോഹിത് പറഞ്ഞു.