രോഹിത് പുറത്താകാൻ കാരണം വിരാട് കോഹ്ലിയോ!! ഉത്തരം നൽകി മുൻ താരം

ഏഷ്യാകപ്പിൽ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയിച്ചെങ്കിലും ബാറ്റിംഗിൽ നായകനായ രോഹിത് ശർമ പരാജയപ്പെട്ടിരുന്നു. 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി 18 പന്തിൽ 12 റൺസ് മാത്രമാണ് രോഹിത് ശർമ നേടിയത്. രോഹിത് ശർമക്ക് പുറമെ കേ എൽ രാഹുലും ബാറ്റിങ്ങിൽ നിറം. നേരിട്ട രണ്ടാം പന്തിൽ റൺസ് ഒന്നും എടുക്കാതെ രാഹുൽ പുറത്തായി. നായകനായ രോഹിത് ശർമ ബാറ്റിംഗിൽ പരാജയപ്പെട്ടത് കടുത്ത വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.

ഇപ്പോഴിതാ രോഹിത് ശർമക്ക് എന്തുകൊണ്ടാണ് നിർണായക മത്സരത്തിൽ തിളങ്ങാൻ സാധിക്കാതെ പോയത് എന്നതിൻ്റെ കാരണം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പാർതിവ് പട്ടേൽ. പവർ പ്ലേയിൽ വേണ്ടത്ര പന്തുകൾ ലഭിക്കാത്തതാണ് കാരണമെന്നാണ് പാർതിവ് പട്ടേൽ പറയുന്നത്. പവർ പ്ലേയിൽ രോഹിത് ശർമക്ക് സ്ട്രൈക്ക് നൽകാത്തതിന് വിരാട് കോഹ്ലിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.ഇന്ത്യൻ മുൻ താരത്തിൻ്റെ വാക്കുകൾ വായിക്കാം.

“ആദ്യ ആറ് ഓവറില്‍ അധികം പന്ത് നേരിടാന്‍ രോഹിത്തിന് സാധിച്ചിരുന്നില്ല. കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ പാകിസ്താന്‍ ബൗളര്‍മാര്‍ സ്‌ട്രൈക്ക് കൈമാറാന്‍ അനുവദിക്കാതെ പ്രയാസപ്പെടുത്തി. എന്നാല്‍ ഒരുവശത്ത് വിരാട് കോലി മനോഹരമായ ബൗണ്ടറികള്‍ നേടി. രോഹിത്തിന് ആവിശ്യത്തിന് സ്‌ട്രൈക്ക് ലഭിച്ചില്ല. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഇത് സംഭവിക്കുന്നതാണ്.ഇന്ത്യയുടെ ടോപ് ത്രീയെ ഇപ്പോഴേ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല.

ഇത് ആദ്യ മത്സരം മാത്രമാണ്. അതുകൊണ്ട് തന്നെ ഒറ്റ മത്സരം കൊണ്ട് മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കരുത്. രോഹിത് പാകിസ്താനെതിരേ പ്രയാസപ്പെട്ടെങ്കിലും വിന്‍ഡീസിനെതിരേ മികച്ച ഫോമിലാണ് കാണപ്പെട്ടത്. വിരാടിനും രാഹുലിനും സമീപകാലത്തായി അധികം ടി20 മത്സരങ്ങള്‍ ലഭിച്ചിട്ടില്ലെന്നതും ഓര്‍ക്കണം.അവര്‍ക്ക് കൂടുതല്‍ അവസരം നല്‍കി ഫോമിലേക്കെത്തിക്കുകയാണ് വേണ്ടത്. അവര്‍ വളരെ പ്രതിഭയുള്ള ബാറ്റ്‌സ്മാന്‍മാരാണ്. നാല് -അഞ്ച് മത്സരങ്ങള്‍ ഒന്നിച്ച് കളിച്ചാല്‍ അവര്‍ക്ക് പഴയ ഫോമിലേക്കെത്താനാവുമെന്ന് എനിക്കുറപ്പുണ്ട്.”പാർതിവ് പട്ടേൽ പറഞ്ഞു.

Rate this post