തോൽവിയിലും സൂപ്പർ നേട്ടവുമായി രോഹിത് ശർമ്മ!! താരം സ്വന്തമാക്കിയ റെക്കോർഡ് കണ്ടോ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ 5 റൺസിന് പരാജയപ്പെട്ടു. 272 റൺസ് പിന്തുടർന്ന ഇന്ത്യക്ക്, നിശ്ചിത ഓവറിൽ 266 റൺസ് കണ്ടെത്താനെ സാധിച്ചുള്ളൂ. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശ് ബാറ്റിംഗ് നിരയുടെ ടോപ് ഓർഡർ തകർന്നടിഞ്ഞങ്കിലും മഹ്മൂദുല്ല (77), മെഹദി ഹസൻ മിറാസ് (100*) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ബംഗ്ലാദേശ് 271 റൺസ് നേടിയത്.

ഒന്നാം ഏകദിന മത്സരത്തിലെ പിഴവുകൾ നികത്തി ഇന്ത്യൻ ബാറ്റർമാർ ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം നടത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചുവെങ്കിലും, ഒന്നാം ഏകദിനത്തിന്റെ തനി ആവർത്തനമാണ് ഇന്ത്യയുടെ മുൻനിര ബാറ്റർമാർ കാഴ്ചവച്ചത്. ഒന്നാം ഏകദിനത്തിൽ കെഎൽ രാഹുലാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതെങ്കിൽ, ഇന്നത്തെ മത്സരത്തിൽ ശ്രേയസ് അയ്യർ (82) ആ ചുമതല വഹിച്ചു എന്ന് മാത്രം. ഓൾറൗണ്ടർ അക്സർ പട്ടേലും (56) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

മത്സരത്തിൽ ഫീൽഡിങ്ങിനിടെ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, കളിയുടെ തുടക്കത്തിൽ തന്നെ മൈതാനം വിട്ടിരുന്നു. വിരലിനേറ്റ പരിക്കിന്റെ ആഴം മനസ്സിലാക്കുന്നതിനായി രോഹിത് സ്കാനിങ്ങിനും വിധേയരായിരുന്നു. മത്സരത്തിൽ രോഹിത് ബാറ്റ് ചെയ്തേക്കില്ല എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, തന്റെ സഹതാരങ്ങളുടെ മോശം പ്രകടനത്തെ തുടർന്ന് രോഹിത്തിനെ എട്ടാമനായി ക്രീസിലേക്ക് വരേണ്ടിവന്നു. ഹിറ്റ്‌മാൻ എന്ന തന്റെ അപരനാമം അർത്ഥവത്താക്കുന്ന പ്രകടനമാണ് രോഹിത് കാഴ്ചവച്ചത്.

28 പന്തിൽ 3 ഫോറും 5 സിക്സും സഹിതം രോഹിത് ശർമ 51* റൺസ് നേടി പുറത്താകാതെ നിന്നു. മത്സരത്തിൽ അഞ്ച് സിക്സറുകൾ പറത്തിയതോടെ, അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത് ശർമ 500 സിക്സറുകൾ പൂർത്തിയാക്കി. 500 അന്താരാഷ്ട്ര സിക്സറുകൾ പൂർത്തിയാക്കിയത് രോഹിത് ശർമ എന്ന ബാറ്റർക്ക് ഒരു അഭിമാനകരമായ നിമിഷം ആയിരുന്നുവെങ്കിലും, ടീമിനെ ജയത്തിലേക്ക് നയിക്കാൻ ആകാതിരുന്നത് താരത്തെ നിരാശനാക്കി. ബാറ്റർ എന്ന നിലയിൽ രോഹിത് മികച്ചു നിന്നെങ്കിലും, താരത്തിന്റെ ക്യാപ്റ്റൻസി ഇപ്പോഴും വിമർശനങ്ങൾക്ക് വിധേയമാണ്.

Rate this post