അർഷദീപ് സിംഗ് നേടിയ വിക്കറ്റിന്റെ ക്രെഡിറ്റ്‌ എടുത്ത് രോഹിത് ശർമ്മയും ദിനേശ് കാർത്തിക്കും ; വീഡിയോ കാണാം

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ലോകപ്പ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും, ഇന്ത്യയുടെ ബൗളിംഗ് ഡിപ്പാർട്ട്മെന്റിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. 134 റൺസ് എന്ന താരതമ്യേനെ ചെറിയ വിജയലക്ഷ്യം മുന്നോട്ടുവെച്ചിട്ടും, കരുത്തരായ ബാറ്റിംഗ് നിരയുള്ള ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്സിന്റെ അവസാന ഓവർ വരെ ഇന്ത്യൻ ബൗളർമാർ കൊണ്ടുപോയി. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ, ദക്ഷിണാഫ്രിക്കയെ വലിയ തകർച്ചയിലേക്ക് നയിക്കും എന്ന് ഇന്ത്യൻ ബൗളർമാർ പ്രതീക്ഷ നൽകുകയും ചെയ്തു.

ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ തന്നെ അപകടകാരിയായ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ (1) കെഎൽ രാഹുലിന്റെ കൈകളിൽ എത്തിച്ച് അർഷദീപ് സിംഗ് ആണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് സമ്മാനിച്ചത്. അതെ ഓവറിലെ മൂന്നാം ബോളിൽ കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി നേട്ടക്കാരനായ റിലെ റൂസവിനെ (0) വിക്കറ്റിന് മുന്നിൽ കുടുക്കി അർഷദീപ് ദക്ഷിണാഫ്രിക്കയ്ക്ക് ഇരട്ട പ്രഹരം ഏൽപ്പിച്ചു. എന്നാൽ, റിലെ റൂസവിനെ പുറത്താക്കുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ എടുത്ത ഉചിതമായ തീരുമാനം ശ്രദ്ധേയമാണ്.

അർഷദീപിന്റെ ബോൾ റൂസവ് ഡിഫെൻഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ബാറ്റും പാഡും വളരെ അടുത്തടുത്തായത് കൊണ്ട് തന്നെ, അർഷദീപ് എൽബിഡബ്ല്യു അപ്പീൽ നടത്തിയെങ്കിലും ഫീൽഡ് അമ്പയർ വിക്കറ്റ് അനുവദിച്ചില്ല. എന്നാൽ, അർഷദീപിന് ആ വിക്കറ്റിൽ വലിയ ആത്മവിശ്വാസം ഇല്ലാത്തതിനാൽ, റിവ്യൂ നൽകാനും അദ്ദേഹം ക്യാപ്റ്റനെ പ്രേരിപ്പിച്ചില്ല. അതേസമയം, വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കും ക്യാപ്റ്റൻ രോഹിത് ശർമ്മയും വിക്കറ്റിൽ പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതോടെ, ഫീൽഡ് അമ്പയറുടെ തീരുമാനത്തിനെതിരെ റിവ്യൂ നൽകാൻ രോഹിത് തീരുമാനിച്ചു. റിപ്ലൈ ദൃശ്യങ്ങളിൽ ബോൾ റൂസവിന്റെ പാഡിൽ തട്ടിയതായും, ഇൻ-ലൈനിൽ ആയതായും, മിഡിൽ സ്റ്റമ്പിൽ പതിക്കുന്നതായും കാണിച്ചു. മൂന്ന് റെഡ് സിഗ്നൽ കാണിച്ച്, തേർഡ് അമ്പയർ വിക്കറ്റ് അനുവദിച്ചപ്പോൾ, അതിന്റെ മുഴുവൻ ക്രെഡിറ്റും രോഹിത് ശർമ്മക്കും ദിനേശ് കാർത്തിക്കിനും ആണ് ലഭിച്ചത്.