അയാളെ പുറത്താക്കിയത് തെറ്റായിപ്പോയി ; രോഹിത്തിന്റെ അബദ്ധം ചൂണ്ടിക്കാണിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ
ഏഷ്യ കപ്പ് സൂപ്പർ 4 -ലെ വാശിയേറിയ മത്സരത്തിൽ പാക്കിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പാകിസ്ഥാനായി ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത മുഹമ്മദ് നവാസ് ആണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ ഒരു ബോൾ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സീനിയർ ഫാസ്റ്റ് ബോളർമാരുടെ അഭാവം ഇന്ത്യൻ നിരയിൽ ശരിക്കും തിരിച്ചറിഞ്ഞ മത്സരത്തിൽ, പരിചയസമ്പന്നനായ വിക്കറ്റ് കീപ്പർ – ബാറ്റർ ദിനേശ് കാർത്തിക്കിന്റെ അഭാവവും പ്രകടമായിരുന്നു.

പാക്കിസ്ഥാനെ പോലുള്ള ശക്തരായ എതിരാളികൾക്കെതിരെയുള്ള ഒരു മത്സരത്തിൽ, ദിനേശ് കാർത്തിക്കിനെ പോലൊരു ഫിനിഷറെ പുറത്തിരുത്തിയത് തെറ്റായ തീരുമാനമായിരുന്നു എന്ന് ഗവാസ്കർ തുറന്നടിച്ചു. “എന്തുകൊണ്ടാണ് കാർത്തിക്കിനെ പുറത്തിരുത്തിയത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല, അദ്ദേഹം ഒരു മികച്ച ഫിനിഷറായി ഉയർന്നുവരികയായിരുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിൽ കാർത്തിക്കിനെ പുറത്തിരുത്തിയ തീരുമാനം തെറ്റായി,” ഗവാസ്കർ പറഞ്ഞു.
അതേസമയം, പാകിസ്ഥാനെതിരായ മത്സരത്തിൽ അർധസെഞ്ച്വറി നേടിയ വിരാട് കോഹ്ലിയെ സുനിൽ ഗവാസ്കർ അഭിനന്ദിക്കുകയും ചെയ്തു. “അവന്റെ പ്രകടനം ഇന്ത്യൻ ടീമിന് വലിയ പ്രതീക്ഷ നൽകുന്നതാണ്. പാകിസ്ഥാനെതിരായ മത്സരത്തിൽ കൂടുതൽ ബോളുകളും കോഹ്ലി ബാറ്റിന്റെ മധ്യഭാഗം കൊണ്ടാണ് ഷോട്ട് എടുത്തത്. ഇത് അവന്റെ കോൺഫിഡൻസ് തെളിയിക്കുന്നു,” ഗവാസ്കർ പറഞ്ഞു.