റെക്കോർഡുകൾ മറികടന്ന് ഹിറ്റ്മാൻ ; ശ്രീലങ്കക്കെതിരെ ആ ഞ്ഞടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ
ഏഷ്യ കപ്പ് സൂപ്പർ 4 -ലെ ശ്രീലങ്കക്കെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ കെഎൽ രാഹുലിനെയും (6), വിരാട് കോഹ്ലിയേയും (0) അതിവേഗം നഷ്ടമായെങ്കിലും, ക്രീസിൽ നിലയുറപ്പിച്ച് തകർത്തടിച്ച രോഹിത് ശർമ ഇന്ത്യൻ സ്കോർബോർഡ് ചലിപ്പിച്ചു. ശ്രീലങ്കക്കെതിരായ ഇന്നിംഗ്സോടെ നിരവധി റെക്കോർഡുകളും രോഹിത് ശർമ സ്വന്തമാക്കി.
41 പന്തിൽ 5 ഫോറും 4 സിക്സും സഹിതം 175.61 സ്ട്രൈക്ക് റേറ്റോടെ 72 റൺസാണ് രോഹിത് ശർമ നേടിയത്. ശ്രീലങ്കയ്ക്കെതിരായ അർദ്ധ സെഞ്ചുറി പ്രകടനത്തോടെ, ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറി നേടുന്ന ബാറ്ററായി രോഹിത് ശർമ മാറി. 32 അർദ്ധ സെഞ്ച്വറികളുമായി ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലിക്കൊപ്പമാണ് ഇപ്പോൾ രോഹിത്തിന്റെ സ്ഥാനം. 27 അർദ്ധ സെഞ്ചുറികൾ ഉള്ള പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ആണ് ഈ പട്ടികയിൽ ഇപ്പോൾ രണ്ടാമൻ.

ഈ നേട്ടം കൂടാതെ, നേരത്തെ തന്നെ ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ ആയിരുന്ന രോഹിത് ശർമ, ഇപ്പോൾ ടി20 ഫോർമാറ്റിൽ 2500 റൺസ് തികയ്ക്കുന്ന ആദ്യത്തെ ബാറ്റർ ആയി മാറി. 2379 റൺസുമായി ന്യൂസിലാൻഡ് ബാറ്റർ മാർട്ടിൻ ഗുപ്റ്റിൽ, 2278 റൺസുമായി വിരാട് കോഹ്ലി എന്നിവരാണ് ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺ നേടിയ ബാറ്റർമാരുടെ പട്ടികയിൽ രോഹിത് ശർമയ്ക്ക് പിന്നിലുള്ളത്.
മത്സരത്തിലേക്ക് വന്നാൽ, തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഹിറ്റ്മാൻ, ഇന്നിംഗ്സിന്റെ 13-ാം ഓവറിൽ കരുണാരത്നെയുടെ ബോളിൽ നിസങ്കക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. 13/2 എന്ന നിലയിലേക്ക് ഇന്ത്യൻ ടീം പതുങ്ങിയപ്പോൾ, നാലാം വിക്കറ്റിൽ സൂര്യകുമാർ യാദവിനൊപ്പം (34) 97 റൺസിന്റെ കൂട്ടുകെട്ടാണ് രോഹിത് ശർമ സൃഷ്ടിച്ചത്. കഴിഞ്ഞ പാക്കിസ്ഥാനിതിരായ പരാജയപ്പെട്ട മത്സരത്തിലെ പ്ലെയിങ് ഇലവനിൽ നിന്ന് രവി ബിഷ്നോയിയെ പുറത്തിരുത്തി പകരം ആർ അശ്വിൻ ആണ് ഇന്ന് കളിക്കുന്നത്.