ഷഹീൻ അഫ്രീദി എങ്ങനെ നേരിടാം? ഒറ്റയ്ക്ക് പരിശീലനം നടത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ

ആരാധകർക്കിടയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ‘ഹിറ്റ്മാൻ’ എന്നാണ് വിളിക്കുന്നതെങ്കിലും, ചിലർ രോഹിത്തിനെ ഒരു അലസനായ ബാറ്റർ ആയി പരാമർശിക്കാറുണ്ട്. രോഹിത്തിന്റെ ബാറ്റിംഗ് ശൈലിയെ ആണ് ഇത്തരത്തിൽ ആളുകൾ പരാമർശിക്കുന്നത്. എന്നാൽ, ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത് പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരം ഞായറാഴ്ച നടക്കാനിരിക്കെ കടുത്ത പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന രോഹിത്തിന്റെ വീഡിയോ ആണ്.

വെള്ളിയാഴ്ച മെൽബണിൽ നെറ്റ്സിൽ രോഹിത് ശർമ്മ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഈ പരിശീലന സെഷൻ ഇന്ത്യൻ താരങ്ങൾക്ക് ഒരു ഓപ്ഷണൽ സെഷൻ ആയിരുന്നു. എന്നാൽ ഇന്ത്യയുടെ പരിശീലനം കാണാൻ എത്തിയ മുപ്പതോളം ആരാധകരുടെ പ്രധാന ആകർഷണം ഇന്ത്യൻ ക്യാപ്റ്റനിൽ ആയിരുന്നു. അപകടകാരിയായ പാക്കിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രിദിയെ എങ്ങനെ നേരിടണം എന്നായിരുന്നു രോഹിത്തിന്റെ പ്രധാന പരിശീലനം.

മികച്ച വേഗതയും അതുപോലെ സ്വിംഗും ഉള്ള ഷഹീന്റെ ബോളുകൾക്ക് മുന്നിൽ പതറാതിരിക്കാൻ ഏതെല്ലാം ഷോട്ടുകൾ കളിക്കണം എന്നും ഏതെല്ലാം കളിച്ചു കൂടാ എന്നും ആയിരുന്നു രോഹിതിന്റെ പ്രധാന പരിശീലന ലക്ഷ്യം. രോഹിത് സാധാരണ കളിക്കുന്ന ഹൊറിസോണ്ടൽ ഷോട്ടുകൾ ഷഹീന്റെ ബൗളിൽ സ്റ്റൈലിൽ വിക്കറ്റ് നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ, ഹൊറിസോണ്ടൽ ഷോട്ടുകൾ പാടെ ഒഴിവാക്കിയാണ് രോഹിത് നെറ്റ്സിൽ പരിശീലനം നടത്തിയത്.

രോഹിത്തിന് കൂട്ടായി പരിശീലന സെഷനിൽ ഇന്ത്യയുടെ വെറ്ററൻ കീപ്പർ ദിനേശ് കാർത്തിക്കും ഉണ്ടായിരുന്നു. കാർത്തിക് വ്യത്യസ്തമായ ഷോട്ടുകൾ നെറ്റ്സിൽ പരിശീലിച്ചപ്പോൾ, അപകടകരമല്ലാത്ത ഷോട്ടുകൾ മാത്രമാണ് രോഹിത് കൂടുതലും പരിശീലിച്ചത്. പിന്നീട് പരിശീലനത്തിൽ ഇരുവർക്കും ഒപ്പം ഓൾറൗണ്ടർ ദീപക് ഹൂഡയും ചേർന്നു. ഏതുവിധേനയും ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്തുക എന്നത് തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ലക്ഷ്യം.