സിക്സ് തമ്പുരാനായി രോഹിത്!! അടിച്ചെടുത്തത് അഫ്രീഡി റെക്കോർഡ്

വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിൽ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഫ്ലോറിഡയിൽ നടക്കുന്ന മത്സരത്തിൽ, മൂന്ന് സിക്സുകൾ പറത്തിയ രോഹിത് ശർമ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റർമാരുടെ പട്ടികയിൽ മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയെ മറികടന്ന് രണ്ടാമനായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ ബാറ്ററും രോഹിത് ശർമയാണ്.

വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ, 16 പന്തിൽ 2 ഫോറും 3 സിക്സും സഹിതം 33 റൺസാണ് രോഹിത് നേടിയത്. ഇതോടെ, 428 ഇന്നിംഗ്സുകളിൽ നിന്ന് 477 സിക്സുകളാണ് രോഹിത് ശർമ നിഫിയിരിക്കുന്നത്. 508 ഇന്നിംഗ്സുകളിൽ നിന്ന് 476 സിക്സുകൾ നേടിയ മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദിയെ മറികടന്ന രോഹിത് ശർമ, ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റർമാരുടെ പട്ടികയിൽ രണ്ടാമനായി.

551 ഇന്നിംഗ്സുകളിൽ നിന്ന് 553 സിക്സുകൾ നേടിയിട്ടുള്ള മുൻ വെസ്റ്റ് ഇൻഡീസ് ബാറ്റർ ക്രിസ് ഗെയ്ൽ ആണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയിട്ടുള്ള ബാറ്റർ. അതേസമയം, ഇപ്പോൾ ക്രിക്കറ്റിൽ സജീവമായിട്ടുള്ള ബാറ്റർമാരുടെ പട്ടികയിൽ 393 ഇന്നിംഗ്സുകളിൽ നിന്ന് 379 സിക്സുകൾ നേടിയിട്ടുള്ള ന്യൂസിലാൻഡ് ബാറ്റർ മാർട്ടിൻ ഗുപ്റ്റിൽ ആണ് രോഹിത് ശർമയ്ക്ക് തൊട്ടു പിന്നിലുള്ളത്.

എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റർമാരുടെ പട്ടികയിൽ 526 ഇന്നിംഗ്സുകളിൽ നിന്ന് 359 സിക്സുകൾ നേടിയിട്ടുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി ആണ് രണ്ടാമത്. ഏകദിന ഫോർമാറ്റിൽ 250 സിക്സ്, ടി20 ഫോർമാറ്റിൽ 163 സിക്സ്, ടെസ്റ്റ്‌ ഫോർമാറ്റിൽ 64 സിക്സ് എന്നിങ്ങനെയാണ് രോഹിത് ശർമയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ സിക്സുകളുടെ കണക്കുകൾ.