ഒറ്റ മത്സരം റെക്കോർഡുകൾ തകർത്ത് രോഹിത് 😱അറിയാം നേട്ടങ്ങൾ

ഞായറാഴ്ച്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ്‌ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനം പല കാരണങ്ങൾ കൊണ്ടും ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്. ഇതിൽ ഏറെ റെക്കോർഡുകളും ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പേരിലാണ് കുറിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റനായി മാസങ്ങൾക്ക് മുന്നേ നിയമിതനായിട്ടും, പരിക്ക് മൂലം ടീമിൽ പുറത്തുപോയ രോഹിത് ഇപ്പോൾ ടീമിൽ തിരികെയെത്തി ക്യാപ്റ്റനായ ശേഷമുള്ള തന്റെ ആദ്യ മത്സരത്തിനിറങ്ങിയപ്പോൾ, അതിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു.

അത് ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഇന്ത്യയുടെ 1000-ാം ഏകദിന മത്സരമായിരുന്നു. മാത്രമല്ല, അന്താരാഷ്ട്ര ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യമായിയാണ് ഒരു ടീം 1000 ഏകദിന മത്സരങ്ങൾ കളിക്കുന്നത് എന്ന റെക്കോർഡും ഇന്ത്യക്ക് സ്വന്തം. അഭിമാന മുഹൂർത്തത്തിൽ നായകനായി ടീമിനെ വിജയത്തിലേക്കെത്തിച്ച് രോഹിത് ചരിത്രത്തിന്റെ ഭാഗമായി. ടീമിന്റെ നേട്ടങ്ങൾ ഒഴിച്ചുനിർത്തിയാൽ വ്യക്തിഗത നേട്ടങ്ങൾ കൊണ്ടും കഴിഞ്ഞ ദിവസം രോഹിത് തിരുത്തിക്കുറിച്ചത് ഒരുപിടി റെക്കോർഡുകൾ ആണ്.

34-കാരനായ ഇന്ത്യൻ ഓപ്പണർ, ഇന്നലെ വിൻഡീസിനെതിരെ 60 റൺസ് നേടി, സാക്ഷാൽ സച്ചിൻ ടെൻടുൽക്കറെ ആണ് പിറകിലാക്കിയത്. വിൻഡീസിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ റൺ വേട്ടക്കാരുടെ പട്ടികയിൽ ഇന്നലെ നടന്ന മത്സരത്തിന് മുമ്പ് വരെ, കോഹ്‌ലി (2235) ഒന്നാമതും സച്ചിൻ (1523) രണ്ടാമതും ആയിരുന്നു. സച്ചിനേക്കാൾ 51 റൺസ് പിറകിലായിരുന്ന രോഹിത് ഇന്നലെ 60 റൺസ് നേടിയതിലൂടെ, സച്ചിനെ മറികടന്ന് രണ്ടാമനായി.

കൂടാതെ, ഏകദിന ക്രിക്കറ്റിൽ 250 സിക്സ് അടിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡിലേക്ക് ഇന്നലത്തെ മത്സരത്തിന് മുമ്പ് 6 സിക്സ് അകലെ ആയിരുന്ന രോഹിത് ഇന്നലെ ഒരു സിക്സ് അടിച്ചതോടെ, 250-ലേക്കുള്ള ദൂരം 5 സിക്സ് ആയി കുറച്ചിട്ടുണ്ട്. നിലവിൽ 245 സിക്സ് അടിച്ച രോഹിത്, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ പട്ടികയിൽ നാലാമനാണ്. എന്നാൽ, ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരായ ഇന്ത്യൻ ഓപ്പണർമാരുടെ പട്ടികയിൽ രോഹിത് (7242) മുൻ ഇന്ത്യൻ ഓപ്പണർ സേവാഗിനെ (7240) മറികടന്ന് മൂന്നാമനായി. സച്ചിൻ (15,310), സൗരവ് ഗാംഗുലി (9146) എന്നിവരാണ് ഈ പട്ടികയിൽ രോഹിത്തിന് മുന്നിൽ ഉള്ളത്.