ഇംഗ്ലണ്ടിൽ രോഹിത്തിന്റെ വിളയാട്ടം ; മറികടന്നത് റിക്കി പോണ്ടിംഗ്, വിവിയൻ റിച്ചാർഡ്‌സ് തുടങ്ങിയ ഇതിഹാസങ്ങളെ

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് 17 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ, ആ 17 റൺസ് കൊണ്ട് ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഹിറ്റ്‌മാൻ. ഇതിഹാസ താരങ്ങളായ റിക്കി പോണ്ടിംഗ്, വിവിയൻ റിച്ചാർഡ്‌സ് തുടങ്ങിയ പ്രതിഭകളെ പിന്നിലാക്കി ഒരു റെക്കോർഡ് പട്ടികയിൽ ഒന്നാമനായിരിക്കുകയാണ് രോഹിത് ശർമ്മ.

കഴിഞ്ഞ മത്സരത്തിലെ 17 റൺസും ചേർത്ത്, ഏകദിന ഫോർമാറ്റിൽ ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിദേശ ബാറ്ററായി മാറിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. 27 ഏകദിന ഇന്നിംഗ്സുകളിൽ 67.80 ശരാശരിയിൽ 90.86 സ്ട്രൈക്ക് റേറ്റോടെ 7 സെഞ്ച്വറി ഉൾപ്പടെ 1428 റൺസാണ് ഇംഗ്ലണ്ടിൽ രോഹിത് ശർമ്മ നേടിയത്. രോഹിത് തന്നെയാണ് ഇംഗ്ലീഷ് മണ്ണിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടിയ വിദേശ ബാറ്ററും.

ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ മറികടന്നാണ് രോഹിത് ശർമ്മ ഏകദിന ഫോർമാറ്റിൽ ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിദേശ ബാറ്ററായി മാറിയത്. 23 ഇന്നിംഗ്സുകളിൽ നിന്ന് 69.65 ശരാശരിയിൽ 4 സെഞ്ച്വറി സഹിതം 1393 റൺസാണ് കെയ്ൻ വില്യംസണിന്റെ സമ്പാദ്യം. ഓസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിംഗ് ആണ് ഈ പട്ടികയിലെ മൂന്നാമൻ.

പോണ്ടിംഗ് 37 ഇന്നിംഗ്സുകളിൽ നിന്ന് 42.03 ശരാശരിയിൽ 3 സെഞ്ച്വറി ഉൾപ്പടെ 1387 റൺസാണ് നേടിയിട്ടുള്ളത്. തുടർന്നുള്ള സ്ഥാനങ്ങളിൽ, 29 ഇന്നിംഗ്സുകളിൽ നിന്ന് 4 സെഞ്ച്വറി സഹിതം 1345 റൺസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സ്‌, 32 ഇന്നിംഗ്സുകളിൽ നിന്ന് ഒരു സെഞ്ച്വറി ഉൾപ്പടെ 1332 റൺസ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി എന്നിവരാണുള്ളത്