അമ്പരപ്പിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കി രോഹിത് ശർമ്മ :കോഹ്ലിയെ വരെ പിന്നിലാക്കി

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ഒന്നാം ടി20 മത്സരത്തിൽ സുവർണ്ണ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 14 പന്തിൽ 5 ബൗണ്ടറികൾ സഹിതം 24 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. ഇതോടെ, രാജ്യാന്തര ടി20 ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമ്മ 1000 ടി20 റൺസ് പിന്നിട്ടു.

ക്യാപ്റ്റനെന്ന നിലയിൽ രാജ്യാന്തര ടി20 ഫോർമാറ്റിൽ 1000 റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനാണ് രോഹിത് ശർമ്മ. മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ വിരാട് കോഹ്‌ലി (1570), എംഎസ് ധോണി (1112) എന്നിവരാണ് രോഹിത്തിന് മുമ്പേ ഈ പട്ടികയിൽ സ്ഥാനം നേടിയവർ. എന്നാൽ, ക്യാപ്റ്റനായ ശേഷമുള്ള തന്റെ 29-ാം മത്സരത്തിൽ 1000 രാജ്യാന്തര ടി20 റൺസ് തികച്ച രോഹിത് ആണ്, അതിവേഗം ഈ നേട്ടത്തിൽ എത്തിയ ബാറ്റർ.

65 കളികളിൽ നിന്ന് 1971 റൺസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആണ് രാജ്യാന്തര ടി20 മത്സരങ്ങളിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ (1599) ആണ് പട്ടികയിലെ രണ്ടാമൻ. ഇവർക്ക് പിന്നിലായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും (1570) ഉണ്ട്.

മത്സരത്തിലേക്ക് വന്നാൽ, ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ, ഹാർദിക് പാണ്ഡ്യയുടെ (51) അർധ സെഞ്ച്വറിയുടെ കരുത്തിൽ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 19.3 ഓവറിൽ 148 റൺസിന് കൂടാരം കയറി. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ 4 വിക്കറ്റുകൾ വീഴ്ത്തി. ഹാർദിക് തന്നെയാണ് കളിയിലെ താരം