കോഹ്ലിയെ വിമർശിച്ചവർ ചെവിക്ക് പിടിച്ച് രോഹിത് ശർമ്മ!! കോഹ്ലി ക്യാപ്റ്റന്റെ കട്ട സപ്പോർട്ട്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര അവസാനിക്കുമ്പോഴും മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ഇന്ത്യയുടെ പരിചയസമ്പന്നനായ സ്റ്റാർ ബാറ്ററുമായ വിരാട് കോഹ്ലിയെ കുറിച്ചുള്ള വിമർശനങ്ങളും സംസാരങ്ങളും ക്രിക്കറ്റ് ലോകത്ത് വർദ്ധിക്കുകയാണ്. പ്രധാനമായും മുൻ ഇന്ത്യൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും കോഹ്‌ലിയെ ടി20 ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് പരസ്യമായി പറഞ്ഞിട്ടും, മാനേജ്മെന്റ് അത് പരിഗണിക്കാതെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ യുവതാരങ്ങളെ ഒഴിവാക്കി പകരം കോഹ്‌ലിയെ ഉൾപ്പെടുത്തിയിരുന്നു.

കളിച്ച രണ്ട് മത്സരങ്ങളിൽ 1, 11 എന്നിങ്ങനെ യഥാക്രമം സ്കോർ ചെയ്തതോടെ കോഹ്ലിയെ കുറിച്ചുള്ള മുൻ താരങ്ങളുടെ അഭിപ്രായം ശരിവെക്കുകയാണ്‌. എന്നാൽ, മുൻ താരങ്ങളുടെ അഭിപ്രായം പാടെ തള്ളി, കോഹ്ലിക്ക് മുഴുവൻ പിന്തുണയും അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ത്യൻ താരങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് രോഹിത് പ്രതികരിച്ചത്. കോഹിലിയെ ഇനിയും ടി20 സ്ക്വാഡിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിന് ആയിരുന്നു രോഹിത്തിന്റെ മറുപടി.

“യഥാർത്ഥത്തിൽ ആരാണ് ഈ ക്രിക്കറ്റ് വിദഗ്ധർ എന്ന് പറയുന്നവർ. ഓരോ തവണയും ടീം തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഞങ്ങൾ എല്ലാ കളിക്കാരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാറുണ്ട്. ടീമിന്റെ ഉള്ളിലെ ചർച്ചകൾക്ക് അനുസരിച്ചാണ് ടീം തിരഞ്ഞെടുപ്പ് നടക്കാറുള്ളത്, ഇത് പുറമേ നിന്നുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കില്ല. ടീമിന്റെ ഉള്ളിൽ എന്തു നടക്കുന്നു എന്ന് അറിയാതെ പുറത്ത് നിന്നുള്ളവർ എങ്ങനെയാണ് അഭിപ്രായം പറയുന്നത്,” രോഹിത് പറഞ്ഞു.

“ഓരോ കളിക്കാരനും അവന്റെ കരിയറിൽ ഉയർച്ച താഴ്ചകൾ സംഭവിക്കും. ഞങ്ങൾ ഞങ്ങളുടെ സഹ കളിക്കാരുടെ എല്ലാ അവസ്ഥകളിലും അവരെ സപ്പോർട്ട് ചെയ്ത് അവരോട് ഒരുമിച്ച് നിൽക്കും. പുറത്തുനിന്നുള്ളവർക്ക് പല അഭിപ്രായങ്ങളും ഉണ്ടാകും, എന്നാൽ ഒന്നോ രണ്ടോ പരമ്പരകളിൽ ഫോം കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് കരുതി മുൻകാലങ്ങളിൽ മികച്ച പ്രകടനം നടത്തിയവരെ മോശം കളിക്കാർ എന്ന് തരം താഴ്ത്തുന്നത് എങ്ങനെയാണ്,” രോഹിത് കൂട്ടിച്ചേർത്തു.