ഓസീസിനെക്കാളും എന്നെ ബുദ്ധിമുട്ടിച്ചത് ഇന്ത്യൻ സ്പിന്നർമാർ 😮😮😮 രോഹിത് പറഞ്ഞത് കേട്ടോ
ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിലെ വിജയം ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ഗുണങ്ങൾ നൽകുന്നതാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് കുതിക്കാനുള്ള ആദ്യ ചവിട്ടുപടി തന്നെയാണ് ഈ വിജയം സമ്മാനിക്കുന്നത്. ഇന്നിങ്സിനും 132 റൺസിനും നേടിയ ഇന്ത്യയുടെ ഈ വലിയ വിജയത്തിനിടെ, പലതിനും ഉത്തരമില്ലാത്ത ഓസ്ട്രേലിയയെയും ടെസ്റ്റിൽ കണ്ടു. മത്സരത്തിലേക്ക് കടന്നു വരുമ്പോൾ രോഹിത് ശർമയുടെ മികച്ച ക്യാപ്റ്റൻസി തന്ത്രങ്ങൾ തന്നെയായിരുന്നു എടുത്തുപറയേണ്ടത്.
കൃത്യമായി ബോളർമാരെ ചേഞ്ച് ചെയ്യാനും, മൈതാനത്ത് തീരുമാനങ്ങൾ എടുക്കാനും രോഹിത്തിന് സാധിച്ചു. എന്നാൽ മത്സരത്തിൽ തനിക്ക് ഏറ്റവും പ്രയാസകരമായ കാര്യം ജഡേജയെയും അശ്വിനെയും കൈകാര്യം ചെയ്യുന്നതായിരുന്നു എന്ന് രോഹിത് പിന്നീട് പറയുകയുണ്ടായി.അശ്വിനെയും ജഡേജയെയും കൈകാര്യം ചെയ്യുന്ന സമയത്ത് തനിക്ക് വലിയ രീതിയിലുള്ള സമ്മർദ്ദം മത്സരത്തിൽ ഉണ്ടായി എന്ന് രോഹിത് പറയുന്നു. “മത്സരത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ഈ മൂന്ന് സ്പിന്നർമാരെയും കൈകാര്യം ചെയ്യുക എന്നതായിരുന്നു. എല്ലായിപ്പോഴും അവർ നാഴികക്കല്ലിന് അടുത്താണ് ഉണ്ടാവുന്നത്. ഒരു സാഹചര്യത്തിൽ 250 വിക്കറ്റുകൾ പൂർത്തീകരിക്കാൻ ജഡേജയ്ക്ക് ഒരു വിക്കറ്റ് കൂടെ മതിയായിരുന്നു. ആ സമയത്ത് ജഡേജ എന്റെ അടുത്ത് വരികയും, ‘എനിക്ക് ബോൾ നൽകുമോ’ എന്ന് ആവശ്യപ്പെടുകയുമുണ്ടായി. അതേ സമയത്ത് തന്നെ മറുവശത്ത് നാല് വിക്കറ്റുകളുമായി ആയിരുന്നു രവിചന്ദ്രൻ അശ്വിൻ നിൽക്കുന്നത്.

ഇന്നിംഗ്സിൽ ഒരു വിക്കറ്റ് കൂടി നേടി അഞ്ചുവിക്കറ്റ് തികയ്ക്കാൻ അശ്വിൻ തയ്യാറാവുകയായിരുന്നു. ഇതായിരുന്നു മത്സരത്തിൽ ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.”- രോഹിത് ശർമ പറഞ്ഞു.”ഇത്തരം നാഴിക കല്ലുകളെ പറ്റി എനിക്ക് പൂർണമായി ബോധ്യമില്ല. എന്നാൽ ഈ സ്പിന്നർ മാർക്ക് അത് കൃത്യമായി അറിയാം. ഇവരൊക്കെയും നല്ല നിലവാരമുള്ള കളിക്കാരാണ്. അവർക്ക് കൃത്യമായ സാഹചര്യങ്ങൾ ഉണ്ടാക്കുക എന്നതാണ് എന്നെ സംബന്ധിച്ച് സമ്മർദ്ദമേറിയ കാര്യം.”- രോഹിത് ശർമ പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
മത്സരത്തിലുടനീളം മികച്ച ക്യാപ്റ്റൻസി തന്ത്രങ്ങൾ രോഹിത് പയറ്റുകയുണ്ടായി. മത്സരത്തിന്റെ തുടക്കത്തിൽ ഉസ്മാൻ ഖവാജയുടെ റിവ്യൂവിൽ തുടങ്ങി ഒരുപാട് തീരുമാനങ്ങളിൽ രോഹിത് വിജയം കണ്ടു. ഇതിന്റെ എല്ലാത്തിനെയും ഫലം തന്നെയായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിൽ ഉണ്ടായ തകർപ്പൻ വിജയം.