
“നിങ്ങൾക്ക് അത്ര പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ നാട്ടിലും മൂന്ന് നാല് മൈതാനങ്ങൾ നിർമ്മിക്കു” ; മുംബൈ ഇന്ത്യൻസിന് ഹോം നേട്ടം ഉണ്ടെന്ന് ആരോപിച്ചവർക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് രോഹിത് ശർമ്മ
മഹാരാഷ്ട്രയിലെ വാങ്കഡെ സ്റ്റേഡിയം, ഡി വൈ പാട്ടീൽ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, പൂനെയിലെ എംസിഎ സ്റ്റേഡിയം എന്നിങ്ങനെ നാല് വേദികളിലായാണ് ഐപിഎൽ 2022-ന്റെ ലീഗ് ഘട്ടം നടക്കുന്നത്. അതിനാൽ, രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസിന് അന്യായ ആനുകൂല്യം ലഭിക്കുന്നതിൽ മറ്റ് ഫ്രാഞ്ചൈസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം എഡിഷനിൽ മറ്റ് ഫ്രാഞ്ചൈസികൾക്കൊന്നും സ്വന്തം ഹോം ഗ്രൗണ്ടിൽ ഒരു മത്സരം പോലും കളിക്കാൻ സാധിക്കാത്തപ്പോൾ മുംബൈ അവരുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ നാല് മത്സരങ്ങൾ കളിക്കുന്നതാണ് മറ്റു ഫ്രാഞ്ചൈസികളുടെ മനപ്രയാസത്തിന് കാരണം.

അതേസമയം, ഐപിഎൽ 2022 ആരംഭിക്കുന്നതിന് മുമ്പ്, ഇത് എല്ലാ ഫ്രാഞ്ചൈസികൾക്കും തുല്ല്യമായ കളിക്കളമാണെന്ന് രോഹിത് ശർമ്മ പറഞ്ഞിരുന്നു, മുംബൈ ഇന്ത്യൻസിൽ പോലും മുമ്പ് വാങ്കഡെ സ്റ്റേഡിയത്തിലോ ബ്രാബോൺ സ്റ്റേഡിയത്തിലോ കളിച്ച കളിക്കാരുടെ എണ്ണം വിരലിലെണ്ണാവുന്ന അത്ര മാത്രമേ ഉള്ളൂ എന്നാണ് രോഹിത് പറയുന്നത്.
“കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ മുംബൈയിൽ ഒരു കളിയും കളിച്ചിട്ടില്ലാത്തതിനാൽ ഞങ്ങൾക്ക് പ്രത്യേകിച്ച് ഹോം നേട്ടമൊന്നുമില്ല. കഴിഞ്ഞ വർഷം മുംബൈയിൽ നിരവധി ടീമുകൾ മത്സരങ്ങൾ കളിച്ചിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് ഒരു പ്രയോജനവുമില്ല. ഇത്തവണ ഞങ്ങളുടേത് ഒരു പുതിയ ടീമാണ്. അധിക നേട്ടങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല, നിലവിലെ ടീമിലെ 70-80 ശതമാനം കളിക്കാരും മുമ്പ് മുംബൈയിൽ കളിച്ചിട്ടില്ല,” ആരാധകരുമായിയുള്ള ഒരു വിർച്വൽ മീറ്റിൽ രോഹിത് പറഞ്ഞു.
”മുംബൈ ഇന്ത്യൻസിനെ മുംബൈയിൽ കളിക്കാൻ അനുവദിക്കരുതെന്ന് പല ഫ്രാഞ്ചൈസികളും പറഞ്ഞതായി മനസ്സിലാക്കുന്നു. അങ്ങനെയെങ്കിൽ എതിർക്കുന്ന ഫ്രാഞ്ചൈസികൾ അവരുടെ നഗരങ്ങളിൽ 3-4 മൈതാനങ്ങൾ വീതം നിർമ്മിക്കണമെന്നാണ് എന്റെ അഭിപ്രായം,” എതിർപ്പ് പ്രകടിപ്പിച്ചവർക്ക് കടുത്ത ഭാഷയിൽ രോഹിത് മറുപടി നൽകി.