രോഹിത് ശർമ്മ ടി20 ക്രിക്കറ്റിലെ ലയണൽ മെസ്സി ; ഇത്രയധികം ടീമുകൾക്കെതിരെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി രോഹിത് ശർമ

നാഗ്പൂർ ടി20 മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ്. മഴ മൂലം 8 ഓവർ ആക്കി ചുരുക്കിയ മത്സരത്തിൽ, 91 റൺസ് വിജയലക്ഷ്യമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി, ഇന്നിംഗ്സിന്റെ ആദ്യ ഓവർ മുതൽ ഹിറ്റ്‌മാൻ നാഗ്പൂരിൽ താണ്ഡവ നൃത്തമാടി. വിജയലക്ഷ്യം മറികടക്കുന്നത് വരെ ക്രീസിൽ പുറത്താകാതെ നിന്ന് പൊരുതിയ ഓപ്പണർ രോഹിത് ശർമ്മയെ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്.

ഓസ്ട്രേലിയക്കെതിരെ ടി20 ഫോർമാറ്റിൽ ഇത് ആദ്യമായിയാണ് രോഹിത് ശർമ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്നത്. ഇതോടെ, ടി20 ഫോർമാറ്റിൽ പുതിയൊരു റെക്കോർഡ് കൂടി രോഹിത് ശർമ്മ സ്വന്തമാക്കി. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വ്യത്യസ്ത ടീമുകൾക്കെതിരെ കളിച്ച് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. തന്റെ ടി20 കരിയറിൽ 9 വ്യത്യസ്ത ടീമുകൾക്കെതിരെ രോഹിത് ശർമ മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യുഎഇ, ഓസ്ട്രേലിയ ഇനി ടീമുകൾക്ക് എതിരെയാണ് രോഹിത് ശർമ്മ ടി20 ഫോർമാറ്റിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങിയിട്ടുള്ളത്. മറ്റൊരു ക്രിക്കറ്റ്‌ താരവും, ടി20 ഫോർമാറ്റിന്റെ ചരിത്രത്തിൽ ഇത്രയധികം ടീമുകൾക്കെതിരെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയിട്ടില്ല. ഇന്നലത്തെ മത്സരത്തിൽ ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ബാറ്റർ ആയും രോഹിത് മാറിയിരുന്നു.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 20 പന്തിൽ 4 ഫോറും 4 സിക്സും ഉൾപ്പടെ 230.00 സ്ട്രൈക്ക് റേറ്റിൽ രോഹിത് പുറത്താകാതെ 46* റൺസ് നേടി. ടി20 കരിയറിൽ 176 സിക്സറുകൾ നേടിയാണ് രോഹിത് കുട്ടി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമായി മാറിയത്. അതേസമയം, നാഗ്പൂരിലെ വിജയത്തോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യയും ഓസ്ട്രേലിയയും സമനിലയിലായി. ഇതോടെ, സെപ്റ്റംബർ 25ന് നടക്കാനിരിക്കുന്ന ഹൈദരാബാദ് ടി20 മത്സരം ടീമുകൾക്കും നിർണായകമായി.