രോഹിത്തിന്റെ തകർപ്പൻ സിക്സ്!! ആരാധകന്റെ മൂക്കിന്റെ പാലം പൊട്ടി

ശനിയാഴ്ച്ച ആരംഭിച്ച ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ബംഗളുരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്റ്റാൻഡിൽ മത്സരം വീക്ഷിച്ചുകൊണ്ടിരുന്ന ഒരു കാണിക്ക് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ സിക്സർ കൊണ്ട് പരിക്കേറ്റു. മത്സരത്തിൽ വിശ്വ ഫെർണാണ്ടോ എറിഞ്ഞ ആറാം ഓവറിലെ അവസാന പന്തിലാണ് ഇന്ത്യൻ ആരാധകന് ഗുരുതരമായി പരിക്കേൽക്കാൻ കാരണമായ സംഭവം നടന്നത്.

വിശ്വ ഫെർണാണ്ടോ എറിഞ്ഞ ഒരു ഷോർട്ട് ബോൾ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ രോഹിത് സിക്സ് പറത്തുകയായിരുന്നു. രോഹിത്തിന്റെ തകർപ്പൻ സിക്സ് കണ്ട് കാണികളിൽ ഒന്നടങ്കം കയ്യടിച്ചെങ്കിലും, ഒരു കാഴ്ചക്കാരൻ ഇന്ത്യൻ നായകന്റെ ഷോട്ടിന്റെ വേദന ശരിക്കും തിരിച്ചറിഞ്ഞു. രോഹിത് അടിച്ച ബോൾ കാഴ്ചക്കാരന്റെ മൂക്കിൽ പതിക്കുകയും, അദ്ദേഹത്തിന്റെ മൂക്കിലെ എല്ലിന് പൊട്ടലും ആഴത്തിലുള്ള മുറിവും സംഭവിച്ചു.

ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട് അനുസരിച്ച്, 22 കാരനായ ഗൗരവ് വികാസ് പർവാറിനാണ് പന്ത് തട്ടി പരിക്കേറ്റത്. പരിക്കിനെ തുടർന്ന് അദ്ദേഹത്തെ മഗ്രത്ത് റോഡിലെ ഹോസ്മാറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ സമയത്ത് ഹോസ്മാറ്റ് മെഡിക്കൽ ഡയറക്ടറും വൈസ് പ്രസിഡന്റുമായ ഡോ അജിത് ബെനഡിക്റ്റ് റയാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ആരാധകന് പരിക്കേറ്റതിന് പിന്നാലെ അദ്ദേഹത്തെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന് ഡോ അജിത് പറഞ്ഞു.

“ഞാൻ പവലിയന് പിന്നിൽ മത്സരം കാണുകയായിരുന്നു, ഡീപ് സ്റ്റാൻഡിൽ ഇരുന്നിരുന്ന ഒരു യുവാവിന്റെ ശരീരത്തിൽ പന്ത് തട്ടിയത് ഞാൻ കണ്ടു. കെഎസ്‌സിഎ (കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ) വോളണ്ടിയർമാരാണ് അദ്ദേഹത്തെ സ്റ്റേഡിയത്തിലെ മെഡിക്കൽ റൂമിലേക്ക് കൊണ്ടുവന്നത. ഞങ്ങൾ മുറിവ് കംപ്രഷൻ ബാൻഡേജ് ഉപയോഗിച്ച് ധരിപ്പിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്ക് അയച്ചു,” ഡോ അജിത്തിനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ഗൗരവ് ഇപ്പോൾ സുഖമായിരിക്കുന്നുവെന്ന് പരിക്കേറ്റ ആരാധകന്റെ സഹോദരൻ സ്ഥിരീകരിച്ചു.