Record Alert ;ടി20 ലോകകപ്പിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഹിറ്റ്മാൻ

നെതർലൻഡ്സിനെതിരെ പുരോഗമിക്കുന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് അർദ്ധ സെഞ്ച്വറി. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ പുരോഗമിക്കുന്ന മത്സരത്തിൽ, ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ലോകകപ്പിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുൽ (9) ഫോം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു.

എന്നിരുന്നാലും, രണ്ടാം വിക്കറ്റിൽ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സ് കെട്ടിപ്പടുത്തു. 39 പന്തിൽ 53 റൺസ് ആണ് രോഹിത് ശർമ്മ അടിച്ചുക്കൂട്ടിയത്. 135.90 സ്ട്രൈക്ക് റേറ്റോടെ ബാറ്റ് ചെയ്ത രോഹിത്, തന്റെ ഇന്നിംഗ്സിൽ 4 ഫോറും 3 സിക്സും നേടി. ഇതോടെ, മറ്റൊരു റെക്കോർഡ് കൂടി ഹിറ്റ്മാൻ തന്റെ പേരിലാക്കി.

ടി20 ലോകകപ്പ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സിക്സർ അടിക്കുന്ന ഇന്ത്യൻ ബാറ്റർ ആയി മാറിയിരിക്കുകയാണ് രോഹിത് ശർമ. നെതർലൻഡ്സിനെതിരെ നേടിയ 3 സിക്സറുകൾ ഉൾപ്പെടെ, 34 സിക്സറുകൾ ആണ് രോഹിത് ശർമ തന്റെ ടി20 ലോകകപ്പ് കരിയറിൽ നേടിയിട്ടുള്ളത്. മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗിന്റെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡ് ആണ് രോഹിത് ശർമ മറികടന്നിരിക്കുന്നത്.

യുവരാജ് സിംഗ് ടി20 ലോകകപ്പിൽ 33 സിക്സറുകൾ ആണ് നേടിയിരിക്കുന്നത്. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലി, 24 സിക്സറുകൾ ടി20 ലോകകപ്പിൽ നേടിയിട്ടുണ്ട്. അതേസമയം, ടി20 ലോകകപ്പുകളുടെ മുഴുവൻ ചരിത്രം പരിശോധിച്ചാൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ (63) മാത്രമാണ്, ടി20 ലോകകപ്പിൽ രോഹിത് ശർമയേക്കാൾ കൂടുതൽ സിക്സറുകൾ നേടിയിട്ടുള്ളത്.