രോഹിത് ഏട്ടാ…രോഹിതിനെ കെട്ടിപ്പിടിക്കാൻ മൈതാനത്തെക്ക് ഓടിയെത്തി ആരാധകൻ 😮😮😮 ഒരു ഫാൻ ബോയ് മൊമെന്റ്

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ മൈതാനത്തേക്ക് രോഹിത്തിനെ കാണാനായി ഓടിയെത്തി ഒരു ആരാധകൻ. മത്സരത്തിന്റെ നിർണായകമായ ഒരു വേളയിലായിരുന്നു ആരാധകൻ ഓടിയെത്തിയത്. ഇതുമൂലം മത്സരം അൽപസമയം നിർത്തി വയ്ക്കേണ്ടതായി വന്നു. ശേഷം സെക്യൂരിറ്റി മൈതാനത്തെത്തി ആരാധകനായ ആ കുട്ടിയെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

അതിനുമുമ്പ് തന്നെ രോഹിത്തിനെ ആലിംഗനം ചെയ്ത് തന്റെ ആഗ്രഹം സഫലീകരിക്കാൻ ആരാധകന് സാധിച്ചു.മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ പത്താം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. ബ്ലയർ ടിക്നർ ആയിരുന്നു ആ ഓവർ എറിഞ്ഞിരുന്നത്. ഓവറിലെ മൂന്നാം പന്തിൽ ബൗണ്ടറിയും, നാലാം പന്തിൽ ഒരു കിടിലൻ സിക്സറും രോഹിത് ശർമ നേടുകയുണ്ടായി. ശേഷം അടുത്ത പന്ത് നേരിടാനായി രോഹിത് ക്രീസിൽ നിൽക്കുകയായിരുന്നു. ഈ സമയത്താണ് ഒരു ആരാധകൻ മൈതാനത്തേക്ക് ഓടിയെത്തുകയും, രോഹിത്തിനെ ആലിംഗനം ചെയ്യുകയും ചെയ്തത്.

മൈതാനത്തേക്ക് ഓടിയെത്തിയ ആരാധകന് പിന്നാലെ തന്നെ സെക്യൂരിറ്റിയും ഉണ്ടായിരുന്നു. കൃത്യമായ ഇടപെടലിലൂടെ സെക്യൂരിറ്റി ആരാധകനെ മൈതാനത്തു നിന്നും മാറ്റുകയായിരുന്നു. മത്സരത്തിൽ 109 റൺസ് വിജയലക്ഷ്യവുമായി ആയിരുന്നു ഇന്ത്യ ബാറ്റിംഗിന് ഇറങ്ങിയത്. താരതമ്യേന ബാറ്റിംഗിന് പ്രതികൂലമായ പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ പതറും എന്നാണ് പലരും കരുതിയത്. പക്ഷേ ഇന്നിംഗ്സിന്റെ തുടക്കം മുതൽ രോഹിത് ആക്രമിച്ചു കളിച്ചു.

മത്സരത്തിൽ 50 പന്തുകൾ നേരിട്ട് രോഹിത് 51 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ ഏഴു ബൗണ്ടറുകളും രണ്ട് സിക്സറുകളും ഉൾപ്പെട്ടു. രോഹിത്തിന്റെ ഈ കിടിലൻ ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ അനായാസം വിജയം കാണുകയായിരുന്നു. ഈ വിജയത്തോടെ ഇന്ത്യ ഏകദിന പരമ്പര 2-0ന് സ്വന്തമാക്കുകയും ചെയ്തു.

1/5 - (1 vote)