എന്തിന് ഡബിൾ നിഷേധിച്ചു 😱😱ഡിക്ലയർ കാരണം വിശദമാക്കി രോഹിത് ശർമ്മ

ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ ടെസ്റ്റിൽ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെള്ളിയാഴ്ച്ച മൊഹാലിയിൽ ആരംഭിച്ച ടെസ്റ്റ്‌ മത്സരം, മൂന്ന് ദിവസങ്ങൾകൊണ്ട് പൂർത്തിയാവുകയായിരുന്നു. ഞായറാഴ്ച്ച അവസാനിച്ച മത്സരത്തിൽ ശ്രീലങ്കയെ ഇന്നിംഗ്‌സിനും 222 റൺസിനും തകർത്ത് 2 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. 175 റൺസ്‌ നേടുകയും, രണ്ട് ഇന്നിംഗ്സുകളിലുമായി 9 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ വിജയശിൽപ്പി.

9-ാം വിക്കറ്റിൽ മുഹമ്മദ് ഷാമിക്കൊപ്പം 103 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച ജഡേജ 175 റൺസുമായി പുറത്താകാതെ നിന്നതോടെ രണ്ടാം ദിനം ടീ ബ്രേക്കിന് പിരിയുന്നതിന് മുമ്പ് ഇന്ത്യ 574/8 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. എന്നാൽ, ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കന്നി ഡബിൾ സെഞ്ചുറിക്ക് 25 റൺസ് മാത്രം അകലെ ജഡേജ ക്രീസിൽ തുടരുന്ന സമയത്ത്, ഇന്ത്യ ഡിക്ലയർ ചെയ്തത് ആരാധകരുടെ ഇടയിൽ ചെറിയ നീരസ്യം പ്രകടമാകാൻ കാരണമായി. ഇപ്പോൾ, തനിക്കും ആ സമയത്ത് ഡിക്ലയർ വിളിക്കുന്നതിൽ ചെറിയ സംശയം ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ.

“ജഡേജയായിരുന്നു കളിയുടെ ഹൈലൈറ്റ്. ഡിക്ലയർ ചെയ്യണോ വേണ്ടയോ എന്നൊരു ചോദ്യം ഉണ്ടായിരുന്നു, അത് ടീമിന്റെ തീരുമാനമായിരുന്നു, ജഡേജയും ആ തീരുമാനമാനത്തിനൊപ്പമായിരുന്നു, അത് അവൻ എത്ര നിസ്വാർത്ഥനാണെന്ന് കാണിക്കുന്നു,” ജഡേജയുടെ ഓൾറൗണ്ട് പ്രയത്നത്തെ അഭിനന്ദിച്ച് രോഹിത് പറഞ്ഞു. പുറത്താകാതെ 175 റൺസെടുത്ത ജഡേജ, മത്സരത്തിൽ 9 വിക്കറ്റുകൾ കൂടി വീഴ്ത്തിയതോടെ, 60 വർഷത്തിനിടെ 150-ലധികം സ്‌കോർ നേടുകയും 5 വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്യുന്ന ആറാമത്തെ ക്രിക്കറ്റ് താരവും ആദ്യ ഇന്ത്യക്കാരനുമായി ജഡേജ മാറി.

അതേസമയം, 3 ദിവസത്തിനുള്ളിൽ മത്സരം അവസാനിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് രോഹിത് പറഞ്ഞു, “ഇതൊരു നല്ല തുടക്കമായിരുന്നു. ഞങ്ങളുടെ വീക്ഷണകോണിൽ ഇതൊരു മികച്ച ക്രിക്കറ്റ് ഗെയിമായിരുന്നു. ഞങ്ങൾ ആഗ്രഹിച്ച എല്ലാ ബോക്സുകളും ഞങ്ങൾ ടിക്ക് ചെയ്തു. സത്യം പറഞ്ഞാൽ, മൂന്ന് ദിവസത്തിനുള്ളിൽ ടെസ്റ്റ് മത്സരം അവസാനിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല,” രോഹിത് ശർമ്മ പറഞ്ഞു.