പരമ്പര തൂത്തുവാരി റെക്കോർഡ് നേടാൻ രോഹിത് ശർമ്മ!! ക്യാപ്റ്റൻ അപൂർവ്വ നേട്ടത്തിന് അരികിൽ

ഇന്ത്യ :ഇംഗ്ലണ്ട് മൂന്നാം ടി :20 മത്സരം ഇന്ന് ആരംഭിക്കുമ്പോൾ എല്ലാ ക്രിക്കറ്റ്‌ പ്രേമികൾ ശ്രദ്ധയും ഇന്ത്യൻ ടീമിലാണ്. മൂന്ന് മത്സര ടി :20 പരമ്പരയിലെ ആദ്യത്തെ രണ്ട് കളികളും ജയിച്ച രോഹിത് ശർമ്മയും ടീമും മിന്നും ഫോമിലാണ്. ഇന്നലെ നടന്ന കളിയിൽ 49 റൺസിന് ജയിച്ച ഇന്ത്യൻ ടീം ഒന്നാമത്തെ ടി :20യിൽ 50 റൺസ്‌ ജയമാണ് കരസ്ഥമാക്കിയത്

ട്രെന്റ് ബ്രിഡ്ജിൽ നടക്കുന്ന കളി ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുക.നിലവിൽ 2-0ന് ടി :20 പരമ്പരയിൽ മുന്നിലുള്ള ഇന്ത്യൻ ടീമിന് അവസാന ടി :20യിൽ അനേകം പരീക്ഷണങ്ങൾ പ്ലെയിങ് ഇലവനിൽ നടത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്. സ്‌ക്വാഡിലുള്ള ഉമ്രാൻ മാലിക്ക് അടക്കമുള്ളവർക്ക്‌ അവസരം ലഭിക്കുമോയെന്നത് ശ്രദ്ധേയം. കൂടാതെ വിരാട് കോഹ്ലി അടക്കം മോശം ഫോമിലുള്ള താരങ്ങളെ ഒഴിവാക്കുമോയെന്നത് പ്രധാന ചോദ്യം.

അതേസമയം ഇന്നത്തെ മത്സരം ജയിച്ചാൽ ടി :20 പരമ്പര തൂത്തുവാരാൻ ഇന്ത്യക്ക് കഴിയും. കൂടാതെ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ തുടർച്ചയായ പതിനഞ്ചാം ടി :20 ജയമാണ് ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത്.കൂടാതെ ഇന്ന് ജയിച്ചാൽ രോഹിത് ശർമ്മക്ക്‌ കീഴിൽ ഇന്ത്യൻ ടീം ജയിക്കുന്ന ആറാമത്തെ പരമ്പര തൂത്തുവാരൽ ആണ്.

കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത് ശർമ്മ ക്യാപ്റ്റൻസിക്ക് കീഴിൽ ഇതിനകം തന്നെ തുടർച്ചയായി പത്തൊൻപത് ജയങ്ങൾ ഇന്ത്യൻ ടീം നേടി കഴിഞ്ഞു. ഇന്നത്തെ മത്സരം ജയിച്ചാൽ തുടർച്ചയായി 20 ജയങ്ങൾ നേടുന്ന ക്യാപ്റ്റൻ എന്നുള്ള നേട്ടത്തിലേക്ക് രോഹിത് ശർമ്മക്ക്‌ എത്താൻ കഴിയും. ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് (20 ജയങ്ങൾ )മാത്രമാണ് മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയ നായകൻ.2008ലാണ് ഓസ്ട്രേലിയൻ ടീമിനെ നയിച്ച പോണ്ടിങ് ഈ ഒരു നേട്ടത്തിന് അവകാശിയായത്.ഇതുവരെ രോഹിത് ശർമ്മ ക്യാപ്റ്റൻസിക്ക് കീഴിൽ 30 മത്സരങ്ങൾ കളിച്ച ഇന്ത്യൻ സംഘം 26ലും ജയം നേടി.