നീട്ടിവിളിച്ചോ രോഹിത് റിവ്യൂ സിസ്റ്റം സൂപ്പറെന്ന് 😍ആരാധകർ ഏറ്റെടുത്ത് രോഹിത് ക്യാപ്റ്റൻസി (കാണാം വീഡിയോ )

വെസ്റ്റ് ഇൻഡീസിനെതിരായ പുരോഗമിക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ 43.5 ഓവറിൽ 176 റൺസിന് പുറത്താക്കിയ ഇന്ത്യ, മറുപടി ബാറ്റിംഗിൽ 17 ഓവർ പിന്നിടുമ്പോൾ 116/3 എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി റിഷഭ് പന്ത് (11), സൂര്യകുമാർ യാദവ് (1) എന്നിവർ ക്രീസിൽ തുടരുന്നു.

രോഹിത് ശർമ്മ ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ഫോർമാറ്റ്‌ നായകനായ ശേഷമുള്ള ആദ്യ മത്സരത്തിൽ, രോഹിത് എടുത്ത ഡിആർഎസ് തീരുമാനങ്ങളാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയായിരിക്കുന്നത്. അതിൽ ഏറെ ശ്രദ്ധേയമായത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഇടപെടലുകൾ ആയിരുന്നു. മത്സരത്തിൽ, യുസ്‌വേന്ദ്ര ചാഹൽ എറിഞ്ഞ 22-ാം ഓവറിലെ അഞ്ചാം പന്തിൽ ഷമർ ബ്രൂക്‌സ് വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈകളിൽ അകപ്പെട്ടെങ്കിലും, അമ്പയർ നോട്ട്ഔട്ട്‌ വിളിക്കുകയായിരുന്നു.

ഉടനെ, മിഡ് ഓഫിൽ ഫീൽഡ് ചെയ്യുകയായിരുന്ന വിരാട് കോഹ്‌ലി ഡിആർഎസിനൊപ്പം പോകാൻ വൈറ്റ് ബോൾ ക്യാപ്റ്റൻ രോഹിത്തിനെ ബോധ്യപ്പെടുത്തി. എന്നാൽ, പന്ത് ബാറ്റിൽ തട്ടിയോ എന്ന കാര്യത്തിൽ ചാഹൽ സംശയം പ്രകടിപ്പിച്ചെങ്കിലും, റിഷഭ് പന്ത്‌ അത് നിരസിച്ചു, പന്ത് ബാറ്റിൽ തട്ടിയിട്ടില്ല എന്നായിരുന്നു റിഷഭിന്റെ അഭിപ്രായം. തുടർന്ന്, കോഹ്ലിയുടെ നിർദേശത്തോടൊപ്പം പോയ രോഹിത്തിന്റെ തീരുമാനം പിഴച്ചില്ല, പന്ത് ബാറ്റിൽ തട്ടിയതായി അൾട്രാ എഡ്ജ് വ്യക്തമായ സ്പൈക്ക് കാണിക്കുകയും 26 പന്തിൽ 12 റൺസ് നേടി ബ്രൂക്‌സ് പുറത്താകുകയും ചെയ്തു.

ഇത്‌ മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ മൂന്നാമത്തെ വിജയകരമായ റിവ്യൂ ആയിരുന്നു. 12-ാം ഓവറിൽ ഡാരൻ ബ്രാവോയുടെ എൽ‌ബി‌ഡബ്ല്യു തീരുമാനവും, 20-ാം ഓവറിൽ നികോളാസ് പൂരന്റെ എൽ‌ബി‌ഡബ്ല്യു തീരുമാനവും ഇന്ത്യ വിജയകരമായി റിവ്യൂയിലൂടെ നേടിയെടുത്തിരുന്നു. ഇതോടെ വൈറ്റ് ബാൾ ടീം ക്യാപ്റ്റനായ ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ മൂന്ന് വിജയകരമായ റിവ്യൂകൾ എടുത്ത രോഹിത്തിനെ സോഷ്യൽ മീഡിയയിൽ ആരാധകർ അഭിനന്ദിച്ചു.