സഞ്ജു ഞങ്ങളുടെ ദൈവമാണ് ; സഞ്ജു സാംസണെ കുറിച്ച് മലയാളി താരം പറയുന്നു

കേരള ക്രിക്കറ്റിൽ നിന്ന് പുതിയതായി ഉയർന്നു കേൾക്കുന്ന പേരാണ് രോഹൻ കുന്നുമ്മൽ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് 6 മത്സരങ്ങൾ പൂർത്തിയായപ്പോഴേക്കും, 4 സെഞ്ച്വറികൾ ആണ് ഈ ഓപ്പണിങ് ബാറ്റർ തന്റെ പേരിൽ കുറിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ, ദുലീപ് ട്രോഫി സെമി ഫൈനലിൽ, നോർത്ത് സോണിനെതിരെ സൗത്ത് സോൺ താരമായ രോഹൻ സെഞ്ച്വറി നേടി, വീണ്ടും വാർത്തകളിൽ ഇടം നേടിയിരുന്നു.

സെമി ഫൈനലിൽ ഒന്നാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ രോഹൻ, രണ്ടാം ഇന്നിംഗ്സിൽ അർധസെഞ്ച്വറിയും നേടിയാണ് ശ്രദ്ധേയനായത്. ഒന്നാം ഇന്നിംഗ്സിൽ സൗത്ത് സോൺ 630-8 എന്ന നിലയിൽ ഡിക്ലയർ ചെയ്തപ്പോൾ, 225 പന്തിൽ 16 ഫോറും 2 സിക്സും ഉൾപ്പടെ 143 റൺസ് ആണ് രോഹൻ കുന്നുമ്മൽ നേടിയത്. രണ്ടാം ഇന്നിംഗ്സിൽ സൗത്ത് സോൺ 316-4 എന്ന നിലയിൽ ഡിക്ലയർ ചെയ്തപ്പോൾ, 72 പന്തിൽ 9 ഫോറും 2 സിക്സും സഹിതം 77 റൺസായിരുന്നു രോഹന്റെ സമ്പാദ്യം.

മത്സരത്തിൽ, 207, 94 എന്നീ യഥാക്രമം രണ്ട് ഇന്നിംഗ്സുകളിൽ ഓൾഔട്ട് ആയ നോർത്ത് സോൺ മത്സരത്തിൽ പരാജയപ്പെട്ടു. 645 റൺസിന്റെ ഗംഭീര വിജയം നേടിയ സൗത്ത് സോൺ ദുലീപ് ട്രോഫിയുടെ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. മത്സരശേഷം, സഞ്ജു സാംസൺ തന്റെ കരിയറിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് രോഹൻ വാചാലനായി. സഞ്ജുവിനെ താൻ ദൈവത്തെ പോലെയാണ് കാണുന്നത് എന്നാണ് രോഹൻ പറഞ്ഞത്.

“സഞ്ജു ഭായിയെ ഞങ്ങൾ ദൈവത്തെ പോലെയാണ് കാണുന്നത്. അദ്ദേഹം, ഇന്ന് രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ ആണ്. വളരെ തിരക്കുള്ള ഒരു കളിക്കാരൻ ആണ്. എന്നാൽ ഏത് സമയത്തും അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നത് ഞങ്ങൾക്ക് ലഭിച്ച ഭാഗ്യമായി കാണുന്നു,” രോഹൻ പറഞ്ഞു. അതേസമയം, ദുലീപ് ട്രോഫിക്ക് വേണ്ടി വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങൾ ഒന്നും നടത്തിയിരുന്നില്ല എന്നും, മുഷ്താഖ് അലി ടി20 ടൂർണമെന്റിനായി താൻ കാര്യമായ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു എന്നും രോഹൻ പറഞ്ഞു.