ഇന്ത്യൻ ടീമിലേക്ക് രോഹന് എൻട്രി!! മലയാളി ക്രിക്കറ്റ്‌ താരം ഇന്ത്യൻ എ ടീമിലേക്ക്

ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന പര്യടനത്തിനുള്ള ഇന്ത്യൻ സ്ക്വാഡിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്ക് ശേഷം, ടീം ഇന്ത്യ ബംഗ്ലാദേശിനെതിരായ ടി20, ഏകദിന പരമ്പരകൾ കളിക്കുന്നു. രണ്ട് പരമ്പരകൾക്കുമുള്ള ഇന്ത്യൻ ടീമിനെ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും യാഷ് ദയാലും പൂർണ്ണ ഫിറ്റ്നസ് തെളിയിക്കാത്തതുകൊണ്ട്, ഇരുവർക്കും പകരക്കാരെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം ഓൾറൗണ്ടർ ഷഹബാസ് അഹമ്മദിനെയും കുൽദീപ് സെന്നിനെയും ആണ് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ രോഹിത് ശർമയാണ് നയിക്കുക. ശിഖർ ധവാൻ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി തുടങ്ങിയ സീനിയർ താരങ്ങളും രാഹുൽ ട്രിപാതി, രജത് പറ്റിദാർ തുടങ്ങിയ താരങ്ങളും സ്ക്വാഡിൽ ഉണ്ട്.

അതോടൊപ്പം, ബംഗ്ലാദേശ് എ ടീമിനെതിരെയുള്ള ഇന്ത്യൻ എ ടീമിന്റെ രണ്ട് 4 ദിന ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. അഭിമന്യു ഈശ്വർ നയിക്കുന്ന ഇന്ത്യ എ സ്‌ക്വാഡിൽ മലയാളി ഓപ്പണർ രോഹൻ കുന്നുമ്മൽ ഇടം നേടി. ബംഗ്ലാദേശ് എ -ക്കെതിരായ ഇന്ത്യ എ -യുടെ ആദ്യ 4 ദിന ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡിൽ യശാവി ജയിസ്വാൾ, രാഹുൽ ചാഹർ, ജയന്ത് യാദവ്, മുകേഷ് കുമാർ, തിലക് വർമ്മ തുടങ്ങിയവരെല്ലാം ഉൾപ്പെടുന്നു.

അതേസമയം, ബംഗ്ലാദേശ് എ -ക്കെതിരായ ഇന്ത്യ എ -യുടെ രണ്ടാമത്തെ 4 ദിന ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡിൽ സീനിയർ താരങ്ങളായ ചേതേശ്വർ പൂജാര, ഉമേഷ്‌ യാദവ് എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ 29 മുതൽ ഡിസംബർ 9 വരെയാണ് ഇന്ത്യ എ – ബംഗ്ലാദേശ് എ പരമ്പര നടക്കുക. തന്റെ പ്രതിഭ തെളിയിച്ച് ഇന്ത്യയുടെ സീനിയർ ടീമിലേക്ക് പ്രവേശിക്കാനുള്ള മികച്ച അവസരമാണ് രോഹൻ കുന്നുമ്മലിന് ലഭിച്ചിട്ടുള്ളത്.