അവന്റെ ബാറ്റിങ് റോൾ അവൻ സെലക്ട് ചെയ്യട്ടെ : നിർദ്ദേശവുമായി മുൻ താരം

ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ചാണ് ട്വൻ്റി 20 ലോകകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ ലോകകപ്പിൽ ദയനീയ പ്രകടനം പുറത്തെടുത്ത് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇന്ത്യക്ക് ഈ ലോകകപ്പിൽ കിരീടം നേടി കഴിഞ്ഞവർഷം നഷ്ടമായ തങ്ങളുടെ പ്രതാപം തിരിച്ചുപിടിക്കാൻ തന്നെയായിരിക്കും രോഹിത് ശർമയും കൂട്ടരും ഓസ്ട്രേലിയയിലേക്ക് വിമാനം കയറുന്നത്.

ഇപ്പോഴിതാ ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രോഹൻ ഗവാസ്കർ. രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിന് ലോകകിരീടം നേടണമെങ്കിൽ ഇന്ത്യൻ സൂപ്പർതാരമായ സൂര്യകുമാർ യാദവിന് ബാറ്റിങ്ങിൽ എവിടെ ഇറങ്ങണം എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് അവകാശം നൽകണമെന്നാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്. നിലവിൽ ഇന്ത്യൻ ടീമിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന താരമാണ് സൂര്യകുമാർ യാദവ്. ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ അടുത്ത മത്സരത്തിൽ പൂർണ്ണ ശക്തിയോടെ തിരിച്ചു വരാൻ കഴിവുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ഈ ഇന്ത്യൻ താരം. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് ഇപ്പോൾ നടക്കുന്ന ഏഷ്യാകപ്പിൽ കണ്ടത്.

ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ വെറും 18 റൺസ് മാത്രം നേടി പുറത്തായ സൂര്യകുമാർ യാദവ് രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ 26 പന്തിൽ 68 റൺസെടുത്താണ് തിരിച്ചുവന്നത്. സൂര്യകുമാർ യാദവിനെ കുറിച്ച് രോഹൻ ഗവാസ്കർ പറഞ്ഞ വാക്കുകൾ വായിക്കാം.

“നമ്മൾ അദ്ദേഹത്തെ ഓപ്പണിങ്ങിൽ ഇറങ്ങുന്നത് കണ്ടതാണ്, മൂന്നാം നമ്പറിലും നാലാം നമ്പറിലും ബാറ്റ് ചെയ്യുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ഓപ്പണിങ്ങിലോ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ഇറങ്ങി മികച്ച ആക്രമണ രീതിയിലുള്ള കളി പുറത്തെടുക്കാൻ സാധിക്കുമെങ്കിൽ ആ കളിക്കാരന് എവിടെ ഇറങ്ങണം എന്ന് സ്വയം തീരുമാനിക്കാനുള്ള അവകാശം നൽകണം. അവൻ ഒരു അസാമാന്യനായ കളിക്കാരനാണ്. ഇക്കാര്യം ഞാൻ മുമ്പും പറഞ്ഞതാണ്, ലോകകപ്പിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം പുറത്തെടുക്കണമെങ്കിൽ സൂര്യകുമാർ യാദവ് മികച്ച പ്രകടനം പുറത്തെടുക്കുകയും ടീമിൻ്റെ മുഖ്യ താരമായി മാറുകയും വേണം.”- രോഹൻ ഗവാസ്കർ പറഞ്ഞു.

Rate this post