ദുലീപ് ട്രോഫി രണ്ടാം സെമി ഫൈനൽ മത്സരത്തിൽ മലയാളി താരം രോഹൻ കുന്നുമ്മലിന് സെഞ്ച്വറി. സൗത്ത് സോൺ – നോർത്ത് സോൺ മത്സരത്തിലാണ് സൗത്ത് സോൺ താരമായ രോഹൻ സെഞ്ച്വറി നേടിയത്. മത്സരത്തിൽ, ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത സൗത്ത് സോണിന് വേണ്ടി ഓപ്പണർ ആയിയാണ് രോഹൻ കുന്നുമ്മൽ ക്രീസിൽ എത്തിയത്. ഓപ്പണർ മായങ്ക് അഗർവാളിനൊപ്പം (49) സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചാണ് രോഹൻ തുടങ്ങിയത്.
തുടർന്ന്, രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ഹനുമ വിഹാരിക്കൊപ്പം 167 റൺസിന്റെ കൂട്ടുകെട്ടാണ് രോഹൻ സൃഷ്ടിച്ചത്. 225 പന്തിൽ 16 ഫോറും 2 സിക്സും ഉൾപ്പടെ 143 റൺസ് സ്കോർ ചെയ്ത രോഹനെ നവ്ദീപ് സൈനി ബൗൾഡ് ചെയ്യുകയായിരുന്നു. മത്സരത്തിൽ, ക്യാപ്റ്റൻ ഹനുമ വിഹാരിയും സെഞ്ച്വറി നേടി. 255 പന്തിൽ 10 ഫോറും 2 സിക്സും സഹിതം 134 റൺസാണ് സൗത്ത് സോൺ ക്യാപ്റ്റൻ നേടിയത്. മായങ്ക് ഡാഗറിന്റെ ബോളിൽ അൻമോൽ മൽഹോത്രക്ക് ക്യാച്ച് നൽകിയാണ് വിഹാരി മടങ്ങിയത്.

104 പന്തിൽ 4 ഫോർ ഉൾപ്പടെ 65 റൺസ് നേടി തമിഴ് നാട് താരം ബാബ ഇന്ദ്രജിത്തും സൗത്ത് സോണിന് വേണ്ടി തിളങ്ങി. മനീഷ് പാണ്ഡേ 59 പന്തിൽ 5 ഫോറും ഒരു സിക്സും സഹിതം 35 റൺസാണ് നേടിയത്. അതേസമയം, നോർത്ത് സോണിന് വേണ്ടി മായങ്ക് ഡാഗർ 3-ഉം നിഷാന്ത് സിന്ധു, നവ്ദീപ് സൈനി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. റിക്കി ഭുയ് (13), കൃഷ്ണപ്പ ഗൗതം (8) എന്നിവരാണ് ഇപ്പോൾ ക്രീസിൽ തുടരുന്നത്.
കളിയുടെ രണ്ടാം ദിനം, ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ, സൗത്ത് സോൺ 475-4 എന്ന ശക്തമായ നിലയിലാണ്. എന്നാൽ, യാഷ് ദുൽ, മനൻ വോഹ്റ, ധ്രുവ് ഷോറെ, മന്ദീപ് സിംഗ്, ഹിമാനുഷു റാണ തുടങ്ങിയവരടങ്ങുന്ന നോർത്ത് സോണിന്റെ ബാറ്റിംഗ് നിര കരുത്തുള്ളതായതുകൊണ്ടുതന്നെ സൗത്ത് സോൺ ബാറ്റിംഗ് നിര താങ്കൾക്ക് ആകുന്നത്ര ലീഡ് ഉയർത്താൻ ശ്രമിക്കും.