ഒരൊറ്റ ഫീൽഡിങ് ദൈവമേയുള്ളൂ 😱ജോണ്ടി റോഡ്സ് ക്രിക്കറ്റ് കരിയർ (നേട്ടങ്ങൾ )

എഴുത്ത് :നന്ദകുമാർ പിള്ള;1992 ലോകകപ്പിലെ ബ്രിസ്ബനിൽ നടന്ന പാക്കിസ്ഥാൻ – സൗത്ത് ആഫ്രിക്ക മത്സരം. മഴ മൂലം ഓവറുകൾ ചുരുക്കിയ മത്സരത്തിൽ, 36 ഓവറിൽ 194 എന്ന ലക്‌ഷ്യം പിന്തുടരുന്ന പാകിസ്താന് വേണ്ടി ക്രീസിൽ ക്യാപ്റ്റൻ ഇമ്രാൻ ഖാനും ഇൻസമാം ഉൽ ഹഖും.പാക്കിസ്ഥാൻ ഇന്നിങ്സിലെ മുപ്പതാം ഓവർ. മക്മില്ലൻറെ പന്തിൽ ഇൻസമാമിന്റെ ഷോട്ട്. ആഞ്ഞു വീശിയെങ്കിലും പന്ത് കാലിൽ തട്ടി ബാക്ക്വേഡ് പോയിന്റിലേക്ക്. റണ്ണിനായി ഇൻസമാം ഓടി, പക്ഷെ പാതി വഴിയിൽ ഇമ്രാൻ തിരിച്ചയച്ചു. അതെ സമയം പന്ത് കൈക്കലാക്കിയ ഫീൽഡർ പന്ത് സ്റ്റമ്പിലേക്ക് എറിയുന്നതിനു പകരം പന്തുമായി സ്റ്റമ്പിന് നേരെ കുതിച്ചു.

ബാറ്റ്‌സ്മാനും ഫീൽഡറും പെർപെൻഡിക്കുലർ ഡയറക്ഷനിൽ ക്രീസിലേക്ക്. തന്നെക്കാൾ മുൻപ് ബാറ്റ്സ്മാൻ ക്രീസിൽ എത്തിയേക്കാം എന്ന തോന്നലിൽ അടുത്ത നിമിഷം ആ ഫീൽഡർ ചെയ്ത പ്രവർത്തി ലോക ക്രിക്കറ്റിലെ അപൂർവ നിമിഷങ്ങളിൽ ഒന്നായി ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ നിറഞ്ഞു നില്കുന്നു. ഫുൾ ലെങ്ങ്തിൽ, ഒരു പക്ഷിയെപ്പോലെ പറന്ന് മൂന്ന് സ്റ്റമ്പും തട്ടി താഴെയിട്ട അയാൾ ഇൻസമാമിനെ ഔട്ട് ആക്കി എന്ന് മാത്രമല്ല, സൗത്ത് ആഫ്രിക്കയുടെ വിജയം ഉറപ്പിക്കുകയും ചെയ്തു. ജോണ്ടി റോഡ്സ് എന്ന ഫീൽഡിങ് പ്രതിഭാസം ലോകത്തിനു മുന്നിൽ വെളിപ്പെടുകയായിരുന്നു അന്നവിടെ.

തീർച്ചയായും ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർ ജോണ്ടി റോഡ്സ് ആണ്. മറ്റേതൊരാളും റോഡ്‌സിന് ശേഷം മാത്രമേ വരികയുള്ളു. പലപ്പോഴും റോഡ്സ് എടുക്കുന്ന ക്യാച്ചുകൾ അവിശ്വസനീയം എന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ. ബുള്ളറ്റ് വേഗത്തിൽ വരുന്ന പന്തുകൾ, ഒരു പൂ പറിക്കുന്ന ലാഘവത്തോടെയാണ് പലപ്പോഴും റോഡ്സ് കയ്യിലൊതുക്കിയിട്ടുള്ളത്. അതുപോലെ തന്നെയാണ് പന്ത് കയ്യിലെത്തിയ ശേഷമുള്ള റിഫ്ലെക്‌ഷനും. എന്താണ് സംഭവിക്കുന്നത് എന്ന് ബാറ്റ്സ്മാൻ / നോൺ സ്‌ട്രൈക്കർ മനസിലാക്കുന്നതിന് മുൻപ് അവർ റൺ ഔട്ട് ആയിട്ടുണ്ടാകും. ഒരു ജിംനാസ്റ്റിന്റെ മെയ് വഴക്കം ഉള്ള ക്രിക്കറ്റർ ആയിരുന്നു റോഡ്സ്.

1992 ൽ ഇന്ത്യക്കെതിരായ ഫ്രണ്ട്ഷിപ് സീരീസിലാണ് റോഡ്സിന്റെ അരങ്ങേറ്റം. ആദ്യ ടെസ്റ്റിൽ തന്നെ 41, 26* രണ്ടാം ടെസ്റ്റിൽ 91, നാലാം ടെസ്റ്റിൽ 86 എന്നീ സ്കോറുകളുമായി തന്റെ ബാറ്റിംഗ് മികവ് ലോകത്തിനു കാണിച്ചു കൊടുത്തു. അതിനു ശേഷം നടന്ന ശ്രീലങ്കക്കെതിരായ സീരീസിൽ, അഞ്ചാം ദിനം മുഴുവൻ ബാറ്റ് ചെയ്ത് സെഞ്ച്വറി അടിച്ച് സൗത്ത് ആഫ്രിക്കക്ക് സമനില നേടിക്കൊടുത്തു റോഡ്‌സ്. ഏകദിനത്തിലും മോശമല്ലാത്ത സ്ട്രൈക്ക് റേറ്റിൽ റൺസ് നേടിയിരുന്നു അദ്ദേഹം. ടെസ്റ്റിൽ മൂന്നും ഏകദിനത്തിൽ രണ്ടും സെഞ്ചുറികൾ റോഡ്സിന്റെ പേരിലുണ്ട്. വളരെ മികച്ചത് എന്ന് പറയാൻ ആവില്ലെങ്കിലും യൂസ്ഫുൾ ആയ ഒരുപാട് ഇന്നിംഗ്സ് അദ്ദേഹം രാജ്യത്തിന് വേണ്ടി കാഴ്ചവെച്ചിട്ടുണ്ട്.

2003 ൽ വിരമിച്ച ശേഷം സ്റ്റാൻഡേർഡ് ബാങ്കിൽ അക്കൗണ്ടന്റ് എക്സിക്യൂട്ടീവ് ആയി റോഡ്‌സ് ജോലി ചെയ്തിരുന്നു. ഐപി എല്ലിൽ ആദ്യം മുംബൈ ഇന്ത്യന്സിന്റെയും പിന്നീട് കിങ്‌സ് XI പഞ്ചാബിന്റെയും ഫീൽഡിങ് കോച്ച് ആണ് റോഡ്‌സ്. ഇന്ത്യയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് അദ്ദേഹം. ഇന്ത്യയോടുള്ള സ്നേഹത്തിന്റെ അടയാളമായി തന്റെ മകൾക്ക് അദ്ദേഹം നൽകിയ പേര് ഇതാണ് : ഇൻഡ്യ ജിയന്ന റോഡ്സ്.ക്രിക്കറ്റിനു പുറമെ ഒരു മികച്ച ഹോക്കി താരം കൂടി ആയിരുന്ന റോഡ്‌സ്, 1992 ഒളിംപിക്സിൽ പങ്കെടുത്ത സൗത്ത് ആഫ്രിക്കൻ നാഷണൽ ഹോക്കി ടീമിലെ അംഗമായിരുന്നു. 1996 ലും ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പരിക്ക് കാരണം പങ്കെടുക്കാൻ ആയില്ല.