പരാഗ് വീണ്ടും നനഞ്ഞ പടക്കം 😵‍💫😵‍💫ഇനിയും താങ്ങണമോ പരാഗിനെ ഇങ്ങനെ?? കലിപ്പിൽ ആരാധകർ

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 10 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ റോയൽ ഏറ്റുവാങ്ങിയത്. 155 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയിട്ടും രാജസ്ഥാന് മത്സരത്തിൽ വിജയം കാണാൻ സാധിച്ചില്ല. ഈ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചത് രാജസ്ഥാന്റെ മധ്യനിര തന്നെയായിരുന്നു. ആദ്യ 10 ഓവറുകളിൽ ജോസ് ബട്ലറും ജെയ്‌സ്വാളും ചേർന്ന് മികച്ച തുടക്കം രാജസ്ഥാന് നൽകി. ജോസ് ബടലർ 41 പന്തുകളിൽ നിന്നാണ് 40 റൺസ് നേടിയതെങ്കിലും ഇന്നിങ്സിൽ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നു. എന്നാൽ അവസാന ഓവറുകളിൽ റിയാൻ പരാഗിന്റെയും ദേവദത്ത് പടിക്കലിന്റെയും മോശം ബാറ്റിംഗ് പ്രകടനമാണ് രാജസ്ഥാന് വിനയായി മാറിയത്.

പരഗിനെ രാജസ്ഥാൻ ടീമിൽ കളിപ്പിക്കുന്നതിനെതിരെ മുൻപ് തന്നെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ ഇന്നിംഗ്സുകളിൽ മാത്രമാണ് പരഗ് തന്റെ പ്രതിഭ പുലർത്താറുള്ളത്. ബാക്കി മത്സരങ്ങളിലൊക്കെയും അദ്ദേഹം പരാജയപ്പെടുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ എന്തുകൊണ്ടാണ് പരഗിനെ രാജസ്ഥാൻ ആ സമയത്ത് ബാറ്റിങ്ങിന് ഇറക്കിയത് എന്ന് പലർക്കും അത്ഭുതമാണ്. മത്സരത്തിൽ 15 ഓവറുകൾ പിന്നിടുമ്പോൾ രാജസ്ഥാൻ ഭേദപ്പെട്ട നിലയിലായിരുന്നു. അവസാന 5 ഓവറുകളിൽ 50 റൺസ് മാത്രമായിരുന്നു രാജസ്ഥാന് ആവശ്യം. ഒരുപാട് വിക്കറ്റുകളും രാജസ്ഥാന്റെ കയ്യിൽ ഉണ്ടായിരുന്നു. എന്നാൽ ദേവദത് പടിക്കലും പരഗും ആവശ്യമായ ആക്രമണ മനോഭാവം കാട്ടാതെ വന്നത് രാജസ്ഥാനെ ബാധിച്ചു.

ദേവദത്ത് പടിക്കൽ പതിനെട്ടാം ഓവർ മുതൽ അക്രമിക്കാൻ ശ്രമിച്ചപ്പോഴും, പരഗ് സിംഗിള്‍ ഇടാൻ മാത്രമാണ് മത്സരത്തിൽ തയ്യാറായത്. 19ആം ഓവറിലും പരാഗിന്റെ ഈ മനോഭാവം കാണാൻ സാധിച്ചു. ഇത് മത്സരത്തിൽ രാജസ്ഥാനെ വളരെയധികം ബാധിച്ചു. ഈ സീസണിൽ രാജസ്ഥാനായി മികച്ച പ്രകടനം കാഴ്ചവച്ച ധ്രുവ് ജൂറലും രവിചന്ദ്രൻ അശ്വിനും ജെയ്സൺ ഹോൾഡറും ഡൗട്ടിൽ ഇരിക്കവെയാണ് പരഗും പടിക്കലും ഇഴഞ്ഞു നീങ്ങിയത്. വളരെ നിരാശാജനകമായ പ്രകടനം തന്നെയായിരുന്നു ഇരുവരും കാഴ്ചവച്ചത്.

മത്സരത്തിൽ 21 പന്തുകളിൽ 26 റൺസായിരുന്നു ദേവദത്ത് പടിക്കൽ നേടിയത്. ഇന്നിംഗ്സിൽ നാല് ബൗണ്ടറികൾ ഉൾപ്പെട്ടു. എന്നാൽ നിർണായകമായ സമയത്തായിരുന്നു പടിക്കൽ കൂടാരം കയറിയത്. പരഗ് 12 പന്തുകളിൽ 15 റൺസും. എന്നിരുന്നാലും 30 പന്തുകളിൽ 50 റൺസ് വിജയിക്കാൻ വേണ്ട സാഹചര്യത്തിൽ നിന്ന് 6 പന്തുകളിൽ 19 റൺസ് എന്ന ഇക്വേഷനിലേക്ക് ഇരുവരും മത്സരം കൊണ്ടെത്തിച്ചത് വലിയ തിരിച്ചടി തന്നെ രാജസ്ഥാന് ഉണ്ടാക്കി. ഇനിയുള്ള മത്സരങ്ങളിലെങ്കിലും പരഗിനെ പുറത്തിരുത്തണം എന്ന ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്.

Rate this post